അപ്പോളോ 13 ദൗത്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ആത്മ ധൈര്യത്തിനുടമ, അമേരിക്കൻ ബഹിരാകാശ സഞ്ചാരി ജിം ലോവൽ ഓർമ്മയായി

അപ്പോളോ 13 ദൗത്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ആത്മ ധൈര്യത്തിനുടമ, അമേരിക്കൻ ബഹിരാകാശ സഞ്ചാരി ജിം ലോവൽ ഓർമ്മയായി

ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരിയും അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചിക്കാ​ഗോയിൽ വച്ചാണ് മരണം. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. നാസയിൽ ഏറ്റവും കൂടുതൽ ബഹിരാകാശയാത്ര ചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവൽ.

നാസയുടെ ജെമിനി 7, ജെമിനി 12, അപ്പോളോ 8, അപ്പോളോ 13 ദൗത്യങ്ങളിൽ ഭാഗമായി. യു എസ് നേവിയിൽ ക്യാപ്റ്റനായിരുന്നതിന് ശേഷമാണ് ജിം ലോവൽ നാസയുടെ ഭാഗമാകുന്നത്. 1970 ഏപ്രിൽ 11 ന് കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നാണ് അപ്പോളോ 13 വിക്ഷേപിച്ചത്. പേടകത്തിന്റെ സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ സംഭരണി പൊട്ടിത്തെറിച്ചാണ് ദൗത്യം പരാജയപ്പെട്ടത്. പേടകത്തിലെ ജീവന്‍രക്ഷാസംവിധാനങ്ങളുടെ സഹായത്തോടെ ഏപ്രില്‍ 17-ന് ലോവലും സംഘവും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. ആത്മധൈര്യത്തോടെ ലോവല്‍ പ്രയത്‌നിച്ചതുകൊണ്ട് പേടകം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുകയും ചെയ്തു. ബഹിരാകാശ യാത്രയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നായി ഇത് മാറി. ഒരു ദുരന്തമായി മാറുമെന്ന് ശാസ്ത്രലോകം ഭയപ്പെട്ട ദൗത്യമാണ് ലോവല്‍ വിജയമാക്കി മാറ്റിയതെന്ന് നാസ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ലോവലിന്റെ മരണം വലിയ നഷ്ടമെന്നും നാസ പ്രതികരിച്ചു.

Share Email
LATEST
More Articles
Top