10 വർഷത്തേക്ക് 1000 കോടി രൂപ വാടക: ബെംഗളൂരുവിൽ ഏഴ് നിലകൾ വാടകയ്‌ക്കെടുത്ത് ആപ്പിൾ

10 വർഷത്തേക്ക് 1000 കോടി രൂപ വാടക: ബെംഗളൂരുവിൽ ഏഴ് നിലകൾ വാടകയ്‌ക്കെടുത്ത് ആപ്പിൾ

ബെംഗളൂരു: ബെംഗളൂരുവിൽ 2.7 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഓഫീസ് കെട്ടിടം 10 വർഷത്തേക്ക് ആപ്പിൾ വാടകയ്‌ക്കെടുത്തു. പ്രതിമാസം 6.31 കോടി രൂപയാണ് വാടക. ഈ കരാറനുസരിച്ച്, 10 വർഷം കൊണ്ട് ആപ്പിൾ ഏകദേശം 1010 കോടി രൂപ വാടകയായി നൽകേണ്ടിവരും. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എംബസി ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ വസന്ത് നഗറിലുള്ള സാൻകി റോഡിലെ എംബസി സെനിത്ത് കെട്ടിടത്തിലെ അഞ്ചു മുതൽ 13 വരെ നിലകളാണ് ആപ്പിൾ വാടകയ്‌ക്കെടുത്തത്. കെട്ടിടത്തിലെ കാർ പാർക്കിങ് ഏരിയയും കരാറിൽ ഉൾപ്പെടുന്നു.

വിദേശ രാജ്യങ്ങളിൽ വ്യവസായം വിപുലീകരിക്കുന്നതിനെതിരെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കമ്പനി ഇന്ത്യയിൽ 10 വർഷത്തേക്ക് ഓഫീസ് കെട്ടിടം വാടകയ്‌ക്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സുരക്ഷാ നിക്ഷേപമായി 31.57 കോടി രൂപ കമ്പനി നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. വർഷംതോറും വാടകയിൽ 4.5% വർധനവുണ്ടാകും. 2025 ഏപ്രിൽ മൂന്നിനാണ് ഈ കരാർ പ്രാബല്യത്തിൽ വന്നത്. 1.5 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും കമ്പനി നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ വ്യവസായം വിപുലീകരിക്കുന്നതിന്റെ ഭാഗമായി എഞ്ചിനീയറിങ്, ഓപ്പറേഷൻ ടീമുകളെ ആപ്പിൾ വികസിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം, റീട്ടെയിൽ രംഗത്തും സാന്നിധ്യം വർധിപ്പിച്ചുവരികയാണ്. മുംബൈയിലും ഡൽഹിയിലും സ്റ്റോറുകൾ ആരംഭിച്ചതിന് പിന്നാലെ, ബെംഗളൂരുവിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യയിൽ ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ തുടങ്ങാൻ ഒരുങ്ങുകയാണ് കമ്പനി.

ഇതിനുപുറമെ, സ്പാർക്കിൾ വൺ മാൾ ഡെവലപ്പേഴ്സിൽനിന്ന് 8,000 ചതുരശ്ര അടി ഓഫീസ് സ്ഥലവും 10 വർഷത്തേക്ക് കമ്പനി വാടകയ്‌ക്കെടുത്തിട്ടുണ്ട്. ഇതിന് പ്രതിവർഷം 2.09 കോടി രൂപയോളമാണ് വാടക.

Apple leases seven floors in Bengaluru for Rs 1,000 crore for 10 years

Share Email
Top