താത്കാലിക വി.സി നിയമനം: നിലപാടില്‍ മാറ്റമില്ലാതെ ഗവര്‍ണര്‍

താത്കാലിക വി.സി നിയമനം: നിലപാടില്‍ മാറ്റമില്ലാതെ ഗവര്‍ണര്‍

തിരുവനന്തപുരം: മന്ത്രിമാര്‍ രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയെങ്കിലും താല്‍ക്കാലിക വിസി നിയമനത്തില്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ സ്വന്തം നിലയ്ക്ക് താല്‍ക്കാലിക വിസിമാരെനിയമിച്ചത് ഉത്തമ ബോധ്യത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണെന്ന നിലപാട് കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ മന്ത്രിമാരായ ആര്‍.ബിന്ദുവിനോടും പി.രാജീവിനോടും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ, അനുനയ നീക്കം പരാജയപ്പെട്ടുവെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേരള സര്‍വകലാശാലയില്‍ താന്‍ പങ്കെടുത്ത പരിപാടിയുടെ അനുമതി നിഷേധിച്ച രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതിലും ഗവര്‍ണര്‍ക്ക് അമര്‍ഷമുണ്ട്. കൂടിക്കാഴ്ചയില്‍ കേരള സര്‍വകലാശാലായിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവും മന്ത്രിമാര്‍ ഉന്നയിച്ചെങ്കിലും, സര്‍വകലാശാലാ വിഷയത്തില്‍സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയല്ലെന്ന അഭിപ്രായമാണ് ഗവര്‍ണര്‍ക്കുള്ളത്.

അതിനിടെ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്ന കേരള സര്‍വകലാശാലയില്‍ ഇന്നലെ ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള യൂണിവേഴ്‌സിറ്റി സ്റ്റാഫ് യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി. കേരള സര്‍വകലാശാല ജീവനക്കാരെ സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതിനെതിരേയായിരുന്നു പ്രതിഷേധം.സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം വിസി ജീവനക്കാരെ രേഖാമൂലം അറിയിച്ചിരുന്നു. പിന്നാലെയാണ് തര്‍ക്കമുണ്ടായത്.

Appointment of temporary VC: Governor’s stance unchanged

Share Email
Top