സുജിത് ചാക്കോ
ഹൂസ്റ്റൺ : വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. സ്റ്റാഫോർഡ് സിറ്റിയിലുള്ള കേരള ഹൗസിനോട് ചേർന്ന് ഒന്നര ഏക്കർ സ്ഥലം കൂടി സ്വന്തമാക്കി സംഘടന ചരിത്രത്തിൽ ഒരു പുതിയ അധ്യായം കുറിച്ചു. ഇതോടെ കേരള ഹൗസിന്റെ വിസ്തീർണ്ണം ഏകദേശം മൂന്നര ഏക്കറായി ഉയർന്നു.
ഓഗസ്റ്റ് 11 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ന് കേരള ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ്, ട്രസ്റ്റി ബോർഡ് മെമ്പർ എസ്.കെ. ചെറിയാൻ, വൈസ് പ്രസിഡന്റ് മാത്യൂസ് ചാണ്ടി പിള്ള എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് എസ്. വർഗീസ്, ട്രഷറർ സുജിത് ചാക്കോ, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി എന്നിവർ കരാറുകളിൽ ഒപ്പുവെച്ചു. മാർട്ടിൻ ജോൺ റിയൽറ്ററായാണ് പ്രവർത്തിച്ചത്.
പുതിയ ആസ്ഥാനം, കൂടുതൽ സൗകര്യങ്ങൾ
ഒന്നര ഏക്കറോളം വരുന്ന പുതിയ സ്ഥലത്തിലൂടെ പുറകുവശത്തുള്ള മൂർ റോഡിലേക്ക് നേരിട്ട് പ്രവേശനം സാധ്യമാകും. വിശാലമായ ഈ മൂന്നര ഏക്കർ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ പുതിയ ആസ്ഥാനം പണിയുകയാണ് മാഗിന്റെ അടുത്ത ലക്ഷ്യം. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന് ഇത് അഭിമാന നിമിഷമാണ്. നിലവിൽ, 2500 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ പ്രധാന ഹാൾ, ഓഫീസ്, സ്റ്റോർ റൂം, അടുക്കള, ബാത്റൂം എന്നിവയുണ്ട്. കൂടാതെ 1000 ചതുരശ്രയടിയിലുള്ള റിക്രിയേഷൻ സെന്ററിൽ ബാഡ്മിന്റൺ കോർട്ടും പുറകുവശത്ത് ക്രിക്കറ്റ് പ്രാക്ടീസിങ് നെറ്റുമുണ്ട്.
മലയാളി സമൂഹത്തിന് സേവനം
മിതമായ നിരക്കിൽ മലയാളി സമൂഹത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഹാൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ബുധനാഴ്ചകളിലും നൂറിലധികം മുതിർന്ന പൗരന്മാർ ഇവിടെ ഒത്തുകൂടി കളിച്ചും ചിരിച്ചും തങ്ങളുടെ വിരമിച്ച ജീവിതം ആസ്വദിക്കുന്നു. എല്ലാ ദിവസവും വൈകുന്നേരം അഞ്ചുമണിക്ക് ശേഷം പൊതുജനങ്ങൾക്കായി കേരള ഹൗസിന്റെ വാതിലുകൾ തുറന്നിടും.
1987-ൽ ഏതാനും സുമനസ്സുകളുടെ ശ്രമഫലമായി ആരംഭിച്ച മാഗ്, 38 വർഷത്തെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ്. ഇത് പല ഭരണസമിതികളുടെയും ഹൂസ്റ്റണിലെ മലയാളികളുടെയും കൂട്ടായ സ്വപ്നസാക്ഷാത്കാരമാണ്. മുൻ ഭരണസമിതികളുടെ കഠിനാധ്വാനവും ദീർഘവീക്ഷണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഭാരവാഹികൾ പറഞ്ഞു. ഹൂസ്റ്റണിലെ പതിനായിരത്തോളം വരുന്ന മലയാളി സമൂഹത്തിന് പ്രയോജനകരമാകുന്ന രീതിയിൽ കേരള ഹൗസിനെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റാഫിൾ കൂപ്പണുകൾ വാങ്ങി സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വൺ ടൈം പേയ്‌മെന്റിലൂടെ പേട്രൺ, ലൈഫ് ടൈം അംഗത്വം എന്നിവ നേടാനുള്ള അവസരവുമുണ്ട്. ഭാരവാഹികൾ വഴിയോ വെബ്സൈറ്റ് വഴിയോ അംഗത്വമെടുക്കാവുന്നതാണ്.
ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായരുടെ നേതൃത്വത്തിൽ എബ്രഹാം കെ. ഈപ്പൻ, ജോജി ജോസഫ്, വിനോദ് വാസുദേവൻ, മാർട്ടിൻ ജോൺ, ജോൺ ഡബ്ല്യു. വർഗീസ്, ആൻഡ്രൂസ് ജേക്കബ്, ജോയ് സാമുവൽ, എസ്.കെ. ചെറിയാൻ, മാത്യൂസ് മുണ്ടക്കൻ, സുബിൻ കുമാരൻ തുടങ്ങി 40-ഓളം അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഫെസിലിറ്റി മാനേജർ മോൻസി കുര്യാക്കോസിന്റെ സേവനങ്ങളും ഏറെ വിലപ്പെട്ടതാണ്.
ഹാൾ ബുക്കിംഗിന് : മോൻസി കുര്യാക്കോസ്: 346-481-3795

MAGH: As part of the development, it has acquired an additional one and a half acre of land adjacent to Kerala House.