ലണ്ടൻ: വ്യോമയാന വ്യവസായത്തിലെ ശുചിത്വ റാങ്കിങ്ങിൽ ഏഷ്യൻ ആധിപത്യം. ലോകത്തിലെ ഏറ്റവും വൃത്തിയുള്ള മികച്ച 10 വിമാനത്താവളങ്ങളിൽ ഒമ്പതും ഏഷ്യയിലാണ്. 2025-ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ടോക്കിയോയിലെ ഹനേഡ വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളമായി തിരഞ്ഞെടുക്കപ്പെട്ടത്. സിങ്കപ്പൂർ ചാംഗി എയർപോർട്ട്, സോൾ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ട് തുടങ്ങിയ മറ്റ് ഏഷ്യൻ വിമാനത്താവളങ്ങളും തൊട്ടുപിന്നിലുണ്ട്.
ഏകദേശം 500 വിമാനത്താവളങ്ങളെ യാത്രക്കാരുടെ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഈ അവാർഡുകൾ, എയർപോർട്ട് റാങ്കിംഗിനുള്ള ഏറ്റവും മികച്ച സ്രോതസ്സായി കണക്കാക്കപ്പെടുന്നു. വൃത്തിയുള്ള ഫ്ലോറുകൾ, മികച്ച വിശ്രമമുറികൾ, അണുവിമുക്തമാക്കിയ ഫിംഗർപ്രിന്റ്, ആക്‌സസ് പോയിന്റുകൾ, ചിട്ടയായ ഇരിപ്പിടങ്ങൾ, സുരക്ഷാ മേഖലകൾ എന്നിവ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടുന്നു. റീസൈക്ലിങ്, മാലിന്യ നിർമാർജനം, ഭക്ഷണശാലകളിലെ ശുചിത്വം എന്നിവയും ഇത് കണക്കിലെടുക്കുന്നു.
ശുചിത്വത്തിന് നൽകുന്ന ശക്തമായ ഊന്നലാണ് ടോക്കിയോ ഹനേഡ വിമാനത്താവളം ഒന്നാം സ്ഥാനം നേടിയത്. അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിലൂടെ, ഹനേഡ എല്ലാ രീതിയിലും മികച്ച പ്രകടനവും ശുചിത്വവും ഉറപ്പാക്കുന്നു. ജപ്പാൻ എയർലൈൻസിന്റെ ഹാലോ (HALO) പ്രോഗ്രാമാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ പുതിയ സേവനങ്ങളിലൊന്ന്. ചെക്ക്-ഇൻ, കാർഗോ, ബാഗേജ് തുടങ്ങിയ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികൾ ഏകോപിപ്പിക്കുന്നതിന് ഈ സംവിധാനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു.
സിംഗപ്പൂർ ചാംഗി എയർപോർട്ട് (SIN) ശുചിത്വത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തി. ഈ വിമാനത്താവളം പണ്ടുമുതലേ ടെർമിനൽ ഡിസൈനിന്റെയും പ്രവർത്തനമികവിന്റെയും മികച്ച ഉദാഹരണമാണ്.
2025-ലെ ഏറ്റവും വൃത്തിയുള്ള മികച്ച 10 വിമാനത്താവളങ്ങൾ
- ടോക്കിയോ ഹനേഡ എയർപോർട്ട്
- സിംഗപ്പൂർ ചാംഗി എയർപോർട്ട്
- ദോഹ ഹമദ് എയർപോർട്ട്
- സോൾ ഇഞ്ചിയോൺ എയർപോർട്ട്
- ഹോങ്കോങ് എയർപോർട്ട്
- സെൻട്രയർ നഗോയ എയർപോർട്ട്
- ടോക്കിയോ നരിറ്റ എയർപോർട്ട്
- കൻസായ് എയർപോർട്ട്
- തായ്‌വാൻ തായുവാൻ എയർപോർട്ട്
- സൂറിച്ച് എയർപോർട്ട്
Asian dominance in aviation industry cleanliness rankings