ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല  പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.ആർ.ഒ. ബഹിരാകാശ യാത്രികന്റെ ജാക്കറ്റ് ധരിച്ചെത്തിയ ശുക്ലയെ പ്രധാനമന്ത്രി മോദി ആലിംഗനം ചെയ്തു. പ്രധാനമന്ത്രിക്ക് ആക്‌സിയം 4 മിഷൻ പാച്ച് സമ്മാനിച്ച ശുക്ല, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് എടുത്ത ഭൂമിയുടെ ചിത്രങ്ങളും അദ്ദേഹത്തെ കാണിച്ചു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനാണ് ശുഭാംശു ശുക്ല. ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ജൂൺ 26-നാണ് അദ്ദേഹം ഇന്റർനാഷണൽ സ്‌പേസ് സ്‌റ്റേഷനിൽ എത്തിയത്. ദൗത്യത്തിന്റെ ഭാഗമായി 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച ശേഷം ജൂലൈ 15-ന് അദ്ദേഹം തിരികെ എത്തി. ഈ 18 ദിവസത്തെ ദൗത്യത്തിനിടെ, ശുക്ല ബഹിരാകാശയാത്രികരായ പെഗ്ഗി വിറ്റ്‌സൺ, സ്ലാവോസ് ഉസ്‌നാൻസ്‌കിവിസ്‌നിയേവ്‌സ്‌കി, ടൈബോർ കാപു (ഹംഗറി) എന്നിവരോടൊപ്പം ഐ.എസ്.എസിൽ 60-ലധികം പരീക്ഷണങ്ങളും 20 ഔട്ട്‌റീച്ച് സെഷനുകളും നടത്തി.

ശനിയാഴ്ച വിമാനത്തിലിരിക്കുന്ന ഒരു ചിത്രം ശുഭാംശു ശുക്ല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിൽ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്: “കഴിഞ്ഞ ഒരു വർഷമായി ഈ ദൗത്യത്തിന്റെ ഭാഗമായി എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒറ്റയ്ക്കാക്കിയതിൽ എനിക്ക് വിഷമമുണ്ട്. ദൗത്യത്തിനുശേഷം എന്റെ എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രാജ്യത്തെ എല്ലാവരെയും ആദ്യമായി കാണുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ദൗത്യത്തിനിടയിലും അതിനുശേഷവും എല്ലാവരിൽനിന്നും ലഭിച്ച സ്നേഹവും പിന്തുണയും കാരണം എന്റെ അനുഭവങ്ങൾ നിങ്ങളുമായി പങ്കിടാൻ ഇന്ത്യയിലേക്ക് മടങ്ങിവരാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.”

Share Email
Top