തിരുവനന്തപുരം: ഗാന്ധി വധത്തെത്തുടർന്നു നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഡാ ലോചനയിൽ വിചാരണ നേരിട്ട വി.ഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണെന്നു മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാർഡിൽ മഹാത്മാ ഗാന്ധിക്ക് മുകളിൽ വി.ഡി. സവർക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോൾ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെ എന്നാണ് തെളിയിയുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തെ ഭയപ്പെടുന്നവരുടെ വെപ്രാളമാണ് പ്രകടമാകുന്നത്.ജാതി, മത, വേഷ, ഭാഷാ വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യക്കാർ ഒരുമിച്ചാണ് ദേശീയ സ്വാതന്ത്ര്യസമരത്തിൽ അണിചേർന്നത്.
ഒറ്റുകാരുടെ വേഷമായിരുന്നു അന്ന് ആർഎസ്എസിന്.സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാ സ്ത്ര സങ്കല്പങ്ങളോട് പരസ്യമായി വിപ്രതിപത്തി പ്രകടിപ്പിച്ചവരാണ് ആർഎസ്എസ്.നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ദേശീ യതയ്ക്ക് പകരം ഭൂരിപക്ഷ വർഗ്ഗീയ തയിലൂന്നിയ ഹിന്ദുത്വ ദേശീയതയെയാണ് അവർ ഉയർത്തിപ്പിടിച്ചത്. 1949 നവംബർ 26 ന് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണഘടനയ്ക്ക് അന്തിമ അംഗീകാരം നൽകി യപ്പോൾ ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കണമെന്നാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ മുഖപ്രസംഗം എഴുതിയത്.
കൊളോണിയൽ ഭരണകൂടത്തിനു മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി മാപ്പിരന്ന വി.ഡി. സവർക്കർ അധ്യക്ഷനായുള്ള ഹിന്ദുമഹാസഭ 1947 ആഗസ്റ്റ് 15-ന്റെ സ്വാതന്ത്രദിന ആഘോഷങ്ങൾ ബഹിഷ്കരിക്കുവാനാണ് തീരുമാനിച്ചത്. ഇതേ സവർക്കറിനെയാണ് മഹാത്മാ ഗാന്ധിയ്ക്കു പകരം സ്വാതന്ത്ര്യസമര നായകനായി സംഘപരിവാർ എഴുന്നള്ളിക്കുന്നത്. സ്വാതന്ത്ര്യസമര ഘട്ടങ്ങളിലാകെ അതിനോട് പിന്തിരിഞ്ഞു നിന്ന ആർഎസ്എസ്, ദേശീയ പ്രസ്ഥാനത്തിൽ തങ്ങൾക്കും പങ്കുണ്ടെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യാജ ആഖ്യാന ങ്ങളിലാണ് വ്യാപൃതരാവുന്നത്. പുന്നപ്ര-വയലാറിൽ വെടിയേറ്റുവീണ അനശ്വര രക്തസാക്ഷികളെയും വാഗൺ കൂട്ടക്കൊലയിൽ മരിച്ചുവീണ ധീര രക്തസാക്ഷികളെയും സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ നിന്നുമൊഴിവാക്കാൻ വ്യഗ്രത കാട്ടിയവരാണ് ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കുപറ്റാൻ വരുന്നത് എന്നു കാണണം.
ഓഗസ്റ്റ് 14 ന് വിഭജനഭീതിയുടെ ഓര്‍മ്മദിനമാചരിക്കാൻ ആഹ്വാനം ചെയ്തവർക്ക് സ്വാതന്ത്ര്യദിനത്തോട് എന്തു മതിപ്പാണുള്ളത്? വെറുപ്പിന്റെയും വർഗീയതയുടെയും കലാപങ്ങളുടെയും വിഴുപ്പു ഭാരമാണ് ആർഎസ്എസ് പേറുന്നത്. മനുഷ്യത്വ വിരുദ്ധമായ വിഭാഗീയതയുടെ പ്രത്യയശാസ്ത്രം ചുമന്നു നടക്കുന്നവർക്ക് കയ്യിട്ടു വാരാനുള്ളതല്ല ഇന്ത്യയുടെ മഹിതമായ സ്വാതന്ത്ര്യ സമര ചരിത്രം. അത്തരക്കാരുമായി തുല്യപ്പെടുത്താൻ ഉള്ളതല്ല ഗാന്ധിജിയുടെയും ഭഗത് സിംഗിന്റെയും രക്തസാക്ഷികളുടെയും സ്മരണ. മനുഷ്യ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ചരിത്രത്തെ കുഴിച്ചുമൂടി വെറുപ്പിനെ പകരം വെക്കാനുള്ള ഏതു നീക്കത്തെയും രാജ്യം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ടതുണ്ടന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Attempt to attribute the fatherhood of independence to RSS and Savarkar is a denial of history: Chief Minister