ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനം: ഗവർണറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനം: ഗവർണറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഓഗസ്റ്റ് 15-ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്നുള്ളത് സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ ആശയമാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇത്തരം അജണ്ടകൾ നടപ്പാക്കാൻ നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെയും ബ്രിട്ടീഷുകാർ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓർമപ്പെടുത്തൽ കൂടിയാണ്. സ്വാതന്ത്ര്യത്തിന് 78 വയസ്സാകുമ്പോൾ ഓഗസ്റ്റ് 15-ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാറിന്റെ ബുദ്ധികേന്ദ്രങ്ങളിൽനിന്നുള്ളതാണ്.

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ്ഭവനിൽനിന്ന് പുറപ്പെടുവിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഓഗസ്റ്റ് 14-ന് വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 14 വിഭജന ഭീകരതാ ദിനം ആചരിക്കണം എന്നാവശ്യപ്പെട്ടാണ് ഗവർണർ സർവകലാശാലകൾക്ക് സർക്കുലർ നൽകിയത്. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കണമെന്നും എല്ലാ വൈസ് ചാൻസലർമാരും വിദ്യാർഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

August 14th is Partition Terror Day: CM opposes Governor’s circular

Share Email
Top