കൊച്ചി: സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് സമയബന്ധിതമായി സഹായം നൽകുന്നവർ സഞ്ചരിക്കുന്ന ദേവാലയങ്ങളാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
സഭയുടെ സാമൂഹിക പ്രേഷിത പ്രസ്ഥാനമായ സ്പന്ദൻ ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള അവാർഡ്ദാനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസ് ചിറ്റൂപ്പറമ്പിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
ഷിക്കാഗോ സെൻ്റ് തോമസ് സീറോ മലബാർ രൂപത സ്പോൺസർ ചെയ്യുന്ന 75,000 രൂപയും ഫലകവും അടങ്ങുന്ന സോഷ്യൽ മിനിസ്ട്രി അവാർഡിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ പാലാ രൂപതയിലെ ഫാ. തോമസ് കിഴക്കേൽ, സന്യസ്ത വിഭാഗത്തിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെൻ്റർ സ്ഥാപക ഡയറക്ടർ ത്രേസ്യാമ്മ മാത്യു, അല്മായ വിഭാഗത്തിൽ പാലക്കാട് രൂപതയിലെ കൊട്ടേക്കാട് പ്രവർത്തിച്ചുവരുന്ന സ്നേഹജ്വാല ട്രസ്റ്റ് പ്രസിഡൻ്റ് എൻ.എം. സെബാസ്റ്റ്യൻ എന്നിവർ അർഹരായി.
അവാർഡ് ജേതാക്കൾ മറുപടി പ്രസംഗത്തിൽ, സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്കായി തങ്ങൾ ചെയ്യുന്ന സേവനം കൂടുതൽ തീക്ഷ്ണതയോടെ നിർവഹിക്കുന്നതിന് ഈ അവാർഡ് പ്രചോദനമാകുമെന്ന് പറഞ്ഞു. സ്പന്ദൻ ചീഫ് കോ-ഓർഡിനേറ്റർ ഫാ. ജേക്കബ് മാവുങ്കൽ, സജോ ജോയ് എന്നിവരും പ്രസംഗിച്ചു.
Awards were distributed by Spandan, a social mission organization; sponsored by the St. Thomas Syro-Malabar Diocese of Chicago