സെക്രട്ടേറിയറ്റിന് മുന്നിലെ വേലുത്തമ്പി ദളവ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് വിലക്ക്

സെക്രട്ടേറിയറ്റിന് മുന്നിലെ വേലുത്തമ്പി ദളവ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് വിലക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള വേലുത്തമ്പി ദളവയുടെ പൂർണ്ണകായ പ്രതിമയിൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും ഇനി പുഷ്പാർച്ചനയോ ഹാരാർപ്പണമോ നടത്താൻ അനുമതിയില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. പ്രതിമ കാണാനോ പുഷ്പാർച്ചന നടത്താനോ ആരെങ്കിലും എത്തിയാൽ അവരെ തടയണമെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന്റെ പ്രവർത്തനങ്ങൾക്ക് പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനം തടസ്സമുണ്ടാക്കുന്നുവെന്ന പേരിലാണ് അടിസ്ഥാനത്തിലാണ് ഈ നടപടി. അതിനാൽ, ഇനിമുതൽ പ്രതിമ സന്ദർശിക്കാൻ വരുന്നവരെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടത്തിവിടില്ല. വേലുത്തമ്പി ദളവയുടെ ജന്മദിനമായ മെയ് 6-നും കുണ്ടറ വിളംബര വാർഷികമായ ജനുവരി 11-നും ആചാരപരമായ പുഷ്പാർച്ചന നടത്താൻ പോലും അനുവാദമുണ്ടായിരിക്കില്ല. ഈ വിശേഷ ദിവസങ്ങളിൽ ഏതെങ്കിലും ഒരു മന്ത്രിയോ ചീഫ് സെക്രട്ടറിയോ ഹാരാർപ്പണമോ പുഷ്പാർച്ചനയോ നടത്തും.

പ്രതിമയിൽ ആദരവ് അർപ്പിക്കാനെത്തിയ വ്യക്തികൾ സുരക്ഷയ്ക്ക് തടസ്സമുണ്ടാക്കിയതായി ഇതുവരെ റിപ്പോർട്ടുകളൊന്നും ഉണ്ടായിട്ടില്ല. ചില ‘ബാഹ്യശക്തി’കളുടെ സമ്മർദങ്ങളാണ് വിലക്ക് ഏർപ്പെടുത്തിയ യഥാർത്ഥ കാരണം എന്ന റിപ്പോർട്ടുണ്ട്. സെക്രട്ടേറിയറ്റ് വളപ്പിലെ ഏക പ്രതിമയാണ് വേലുത്തമ്പി ദളവയുടേത്.

1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവയായിരുന്ന വേലായുധൻ ചെമ്പകരാമൻ തമ്പിയുടെ ഓർമയ്ക്കായാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ഈ പ്രതിമ സ്ഥാപിച്ചത്. ബ്രിട്ടീഷുകാർക്കെതിരെ സമരം നയിക്കുകയും ശത്രുക്കൾക്ക് കീഴടങ്ങാതെ ജീവൻ ത്യജിക്കുകയും ചെയ്ത ധീരദേശാഭിമാനിയാണ് അദ്ദേഹം. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനത്തിലും കുണ്ടറ വിളംബര വാർഷികത്തിലും വിവിധ സാംസ്കാരിക സംഘടനകളും വ്യക്തികളും പ്രതിമയിൽ പുഷ്പാർച്ചന നടത്താറുണ്ട്.

Ban on offering flowers at the Veluthampi Dalava statue in front of the Secretariat

Share Email
LATEST
Top