കൊൽക്കത്ത: വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് മോഡലും നടിയുമായ ശാന്താ പോൾ (28) കൊൽക്കത്തയിൽ അറസ്റ്റിലായി. ബംഗ്ലാദേശ് വിമാനക്കമ്പനിയിലെ മുൻ ക്യാബിൻ ക്രൂ അംഗം കൂടിയാണ് ശാന്ത. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
2023-ൽ ഇന്ത്യയിലെത്തിയ ശാന്താ പോൾ ആന്ധ്രാ സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ അഷ്‌റഫ് എന്നയാളെ വിവാഹം കഴിച്ചതിനു ശേഷം കൊൽക്കത്തയിലേക്ക് താമസം മാറ്റി. കൊൽക്കത്തയിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുക്കാൻ ഇവർ വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി എന്നിവയാണ് ഉപയോഗിച്ചത്. പ്രാദേശിക ഏജന്റുമാർ വഴിയാണ് രേഖകൾ സംഘടിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. രണ്ട് വ്യത്യസ്ത വിലാസങ്ങളിലുള്ള രണ്ട് ആധാർ കാർഡുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു.
നിരവധി സൗന്ദര്യമത്സരങ്ങളിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ചിട്ടുള്ള ശാന്ത, 2019-ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ചുവരികയായിരുന്നു. ഒരു ഒഡിയ സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടിരുന്നതായും പോലീസ് അറിയിച്ചു.
നിലവിൽ ശാന്താ പോളിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവർ പോലീസ് കസ്റ്റഡിയിലാണ്.
Bangladeshi model arrested for staying in India using fake documents; also participated in Kerala beauty pageant