ചെന്നൈ: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ബിഗ് ബോസ് സീസൺ 7-ന് ഗംഭീര തുടക്കം. ‘ഏഴിന്റെ കലക്കൻ പണി’ എന്ന ടാഗ്‌ലൈനോടുകൂടി 19 മത്സരാർഥികളാണ് ഇത്തവണ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്. ലെസ്ബിയൻ ദമ്പതികളായ നൂറയും ആദിലയും ഒരു മത്സരാർഥിയായാണ് മാറ്റുരയ്ക്കുന്നത്. അടിമുടി പുതുമകളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. മലയാളം ബിഗ് ബോസിനായി ചെന്നൈയിൽ സ്വന്തമായി ഒരു വീട് നിർമ്മിച്ചത് ഇത്തവണത്തെ ഒരു പ്രധാന ആകർഷണമാണ്. സ്ലോപ്പിംഗ് ജയിലും പണിപ്പുരയുമൊക്കെയായി ബിഗ് ബോസ് വീടിന്റെ അകത്തളങ്ങളിലും മാറ്റങ്ങൾ ഏറെയുണ്ട്.
മുണ്ടുടുത്ത് സ്റ്റൈലിഷ് ലുക്കിലാണ് മോഹൻലാൽ ബിഗ് ബോസിന്റെ വലിയ സെറ്റിലേക്ക് എത്തിയത്. പുതിയ വീടും മത്സരാർഥികൾക്ക് കൊടുക്കാൻ പോകുന്ന ‘ഏഴിന്റെ കലക്കൻ പണി’കളും അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച് ആരംഭിച്ചത്. പ്രൗഢഗംഭീരമായ ലോഞ്ച് എപ്പിസോഡിൽ മോഹൻലാൽ 20 ബിഗ് ബോസ് മത്സരാർഥികളെയാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ആവേശം, ത്രിൽ, നാടകീയത, ട്വിസ്റ്റ് എന്നിവയെല്ലാം ചേർന്ന ഈ സീസൺ വൈവിധ്യങ്ങളുടെ ഒരു കലവറയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോഞ്ചിങ് എപ്പിസോഡിന് ശേഷം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9.30-നും, ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9 മണിക്കും ഏഷ്യാനെറ്റിൽ ഷോ സംപ്രേഷണം ചെയ്യും. കൂടാതെ, ജിയോ ഹോട്ട് സ്റ്റാറിൽ 24 മണിക്കൂറും സ്ട്രീമിംഗ് ഉണ്ടാകും.
‘സേഫ് ഗെയിം ഈസ് എ ഡേർട്ടി ഗെയിം’ എന്നും അത്തരം കളികൾ ബിഗ് ബോസ് വീട്ടിൽ അനുവദിക്കില്ലെന്നും മോഹൻലാൽ മുന്നറിയിപ്പ് നൽകി. പ്രൊമോയിൽ മാത്രമല്ല ബിഗ് ബോസ് സീസണിലുടനീളം കലിപ്പ് മോഡും കടുത്ത നിലപാടുകളും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മത്സരാർഥികൾ
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലെത്തിയത്. നടീനടന്മാർ, റേഡിയോ ജോക്കി, അവതാരകർ, ഗായകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, ലെസ്ബിയൻ കപ്പിൾസ്, ഫാഷൻ കൊറിയോഗ്രാഫർ, സ്റ്റാൻഡ് അപ്പ് കോമഡി ആർട്ടിസ്റ്റ് തുടങ്ങിയവർ ഇത്തവണത്തെ മത്സരാർഥികളുടെ പട്ടികയിലുണ്ട്.
1. അനീഷ് ടി.എ: മൈജി ഉത്പന്നങ്ങൾ വാങ്ങിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സാധാരണക്കാരനായ മത്സരാർഥിയാണ് അനീഷ്. സർക്കാർ ജോലിയിൽനിന്ന് അഞ്ചു വർഷത്തെ അവധിയെടുത്ത് ബിഗ് ബോസിലേക്ക് വന്ന അനീഷ് ഒരു കർഷകനും എഴുത്തുകാരനുമാണ്.
2. അനുമോൾ: സിനിമ-സീരിയൽ നടിയായ അനുമോൾ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയാണ്. ‘സുരഭിയും സുഹാസിനിയും’ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
3. ആര്യൻ കദൂരിയ: നടനും ക്രിക്കറ്ററുമായ ആര്യൻ ‘1983’, ‘ഓർമ്മകളിൽ’, ‘വടക്കൻ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ്. പരസ്യചിത്രങ്ങളിലും മോഡലിംഗിലും സജീവമായ ആര്യൻ ഇന്ത്യയുടെയും കേരളത്തിന്റെയും അണ്ടർ 14 ക്രിക്കറ്റ് ടീമുകളിൽ കളിച്ചിട്ടുണ്ട്.
4. കലാഭവൻ സരിഗ: മിമിക്രിയിലൂടെയും കോമഡി സ്കിറ്റുകളിലൂടെയും പ്രശസ്തയായ കലാഭവൻ സരിഗ 20 വർഷമായി കലാ ലോകത്തുണ്ട്. കൊയിലാണ്ടി ഭാഷയും കോമഡി ടൈമിംഗും സരിഗയെ വേറിട്ടുനിർത്തുന്നു.
5. അക്ബർ ഖാൻ: ഗായകനും സംഗീത സംവിധായകനുമായ അക്ബർ ഖാനെ ‘സ രി ഗ മ പ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് പരിചയം. പിന്നണി ഗായകനും സംഗീത സംവിധായകനുമായ അദ്ദേഹം ഏഷ്യാനെറ്റിലെ ‘സ്റ്റാർ സിംഗർ’ റിയാലിറ്റി ഷോയുടെ മെന്റർ കൂടിയാണ്.
6. ആർ.ജെ. ബിൻസി: റേഡിയോ ജോക്കിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ബിൻസി ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു അവതാരക എന്ന നിലയിൽ ശ്രദ്ധേയയാണ്. ഹ്യൂമർ അനായാസം കൈകാര്യം ചെയ്യുന്ന ബിൻസി ഒരു എൻ്റർടെയ്നറാകാൻ സാധ്യതയുണ്ട്.
7. ഒനിയൽ സാബു: ഫോർട്ട് കൊച്ചിയുടെ കഥകളും രുചികളും മനോഹരമായി അവതരിപ്പിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഒനിയൽ സാബു ഒരു അഭിഭാഷകനും ഗവേഷകനുമാണ്. ‘എഫ്.സി. ബോയ്’ എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.
8. ബിന്നി സെബാസ്റ്റ്യൻ: ഡോക്ടറും നടിയുമാണ് ബിന്നി. ‘ഗീതാ ഗോവിന്ദം’ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായ ഗീതുവിലൂടെയാണ് ബിന്നി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. നടൻ നൂബിൻ ജോണിയാണ് ഭർത്താവ്.
9. റെന ഫാത്തിമ: ബിഗ് ബോസ് സീസൺ 7-ലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ് കോഴിക്കോട് സ്വദേശിയായ റെന. യൂട്യൂബ് വ്ലോഗറും ഫാഷൻ ഇൻഫ്ലുവൻസറുമാണ് ഈ 19-കാരി.
10. രഞ്ജിത് മുൻഷി: ‘മുൻഷി’ എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ പ്രശസ്തനായ രഞ്ജിത് മുൻഷി സിനിമ-ടെലിവിഷൻ മേഖലകളിൽ സജീവമാണ്. ‘ബാർബർ ഭാഗ്യം’ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്.
11. ശാരിക കെ.ബി.: ‘ഹോട് സീറ്റ്’ എന്ന യൂട്യൂബ് ഷോയുടെ അവതാരകയായ ശാരിക മൂർച്ചയേറിയ ചോദ്യങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്.
12. ഷാനവാസ് ഷാനു: മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ഷാനവാസ് ഷാനു ‘ഇന്ദ്രനീലം’ പോലുള്ള സീരിയലുകളിലൂടെയാണ് പ്രശസ്തനായത്. ശാരീരികമായും മാനസികമായും ശക്തനായ ഒരു മത്സരാർഥിയായിരിക്കും ഷാനവാസ്.
13. നെവിൻ കാപ്രേഷ്യസ്: ഫാഷൻ കൊറിയോഗ്രാഫർ, സ്റ്റൈലിസ്റ്റ്, കലാസംവിധായകൻ, നർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ബഹുമുഖ പ്രതിഭയാണ് നെവിൻ. നൃത്ത റീൽസുകളിലൂടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമായത്.
14. ആദില നസ്രിൻ & നൂറ ഫാത്തിമ: മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി ഒരു ലെസ്ബിയൻ ദമ്പതികൾ എത്തുന്നു. ഇരുവരും ഒരു മത്സരാർഥിയായാണ് വീട്ടിൽ പ്രവേശിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്താൻ ഇവർക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
15. ജിസേൽ തക്രാൾ: ഹിന്ദി ബിഗ് ബോസ് സീസൺ 9-ൽ മത്സരാർഥിയായിരുന്ന ജിസേൽ തക്രാൾ ഇത്തവണ മലയാളത്തിൽ എത്തി. ആലപ്പുഴക്കാരിയായ അമ്മയുടെ മകളാണ് ജിസേൽ. മോഡലിംഗ്, അഭിനയം, സംരംഭക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.
16. ശൈത്യ സന്തോഷ്: ‘കോമഡി സ്റ്റാർസ്’ എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ശൈത്യ. ഒരു റിയാലിറ്റി ഷോയുടെ ഫൈനലിൽ പുരസ്കാരം നിരസിച്ചതിലൂടെയാണ് ശൈത്യ വിവാദങ്ങളിൽ ഇടം നേടിയത്.
17. രേണു സുധി: അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിനയത്തിലും മോഡലിംഗിലും സജീവമായ രേണു പലപ്പോഴും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.
18. അപ്പാനി ശരത്: ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് അപ്പാനി ശരത്. നാടകരംഗത്തു നിന്ന് സിനിമയിലെത്തിയ അപ്പാനി മലയാളത്തിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.
Bigg Boss Malayalam Season 7 gets off to a great start; 19 contestants with ‘Ezhinte Kalakan Pani’