കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. ഹിറ്റ്‌ലറുടെ കടുത്ത അനുയായിയായിരുന്ന നിയോ മുള്ളറുടെ അവസ്ഥയാണ് പാംപ്ലാനി പിതാവിനെയും കാത്തിരിക്കുന്നതെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞുവച്ചത്. ഹിറ്റ്‌ലറുടെ ആദ്യകാല ചെയ്തികളെ പൂർണമായും അനുകൂലിച്ച വൈദികനായിരുന്നു നിയോ മുള്ളർ. എന്നാൽ നിയോ മുള്ളറെ പിന്നീട് ഹിറ്റ്‌ലർ ജയിലറക്കുള്ളിലടച്ചെന്നും സനോജ് ചൂണ്ടിക്കാട്ടി.
അഞ്ച് വർഷത്തോളം നിയോ മുള്ളർക്ക് തടവിൽ കഴിയേണ്ടി വന്നു. അപ്പോഴാണ് നിയോ മുള്ളർക്ക് ബോധോദയം വന്നത്. പാംപ്ലാനി പിതാവിനെയും കാത്തിരിക്കുന്നത് ഇതേ അവസ്ഥ തന്നെയാണ്. ചില പിതാക്കന്മാർ ഇപ്പോൾ ആർ എസ് എസിന് കുഴലൂത്ത് നടത്തുകയാണ്. ചിലരാകട്ടെ കേക്കുമായി ശാഖയിലേക്ക് പോകുകയാണ്. ആർ എസ് എസുകാർ കേക്കുമായി അരമനയിലെത്തുന്നു. ഇരുകൂട്ടരും പരസ്പരം പരവതാനി വിരിക്കുകയാണെന്നും സനോജ് ചൂണ്ടിക്കാട്ടി.
മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ പാംപ്ലാനി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നെങ്കിലും ജാമ്യം കിട്ടിയപ്പോൾ വീണ്ടും നിലപാട് മാറ്റി. കേന്ദ്രത്തെയും മോദിയേയും അമിത് ഷായേയും പാംപ്ലാനി അനുകൂലിച്ചിരുന്നു. നേരത്തെയും പല സംഭവങ്ങളിലും അദ്ദേഹം ബി ജെ പി സർക്കാരിന് അനുകൂലമായിട്ടായിരുന്നു പ്രതികരിച്ചിരുന്നത്. ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിലായിരുന്നു സനോജിന്‍റെ പാംപ്ലാനി വിമർശനം.