ചെമ്പന്തൊട്ടി (കണ്ണൂർ): ചരിത്രത്തെ തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ മ്യൂസിയങ്ങൾ ചരിത്രത്തിന്റെ കാവൽപ്പുരകളായി മാറുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ചെമ്പന്തൊട്ടിയിൽ ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ മലബാറിനെ രൂപപ്പെടുത്തുന്നതിലും കേരളത്തിന്റെ വികസനത്തിന് സഹായകമാകുന്നതിലും കുടിയേറ്റം വഹിച്ച പങ്ക് മ്യൂസിയത്തിലെ ഗാലറികൾ വിശദമാക്കും. ഇത് സമ്പൂർണ മ്യൂസിയം പദ്ധതിയുടെ ആമുഖ ഗാലറിയായി മാറും. രണ്ടാംഘട്ടത്തിൽ കൂടുതൽ വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, മ്യൂസിയത്തിന്റെ ഭാഗമായി നിർമിക്കുന്ന ബിഷപ് വള്ളോപ്പിള്ളിയുടെ പ്രതിമയ്ക്കായി തലശ്ശേരി അതിരൂപത ശേഖരിച്ച ഓട്, പിച്ചള വസ്തുക്കൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്‌നകുമാരി മുഖ്യാതിഥിയായിരുന്നു. മുൻ മന്ത്രി കെ.സി. ജോസഫ്, തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളിൽ, മിനി ഷൈബി, വി.പി മോഹനൻ, സാജു സേവ്യർ, ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, പുരാവസ്തു വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.പി. സദു, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ, ശില്പി ഉണ്ണി കാനായി തുടങ്ങിയവർ സംസാരിച്ചു.
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പന്തൊട്ടി ഫൊറോന പള്ളി 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയ ഒരേക്കർ ഭൂമിയിലാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പദ്ധതിവിഹിതം ഉപയോഗിച്ച് മ്യൂസിയം കെട്ടിടം നിർമിച്ചത്.
Bishop Valloppilly Memorial Immigration Museum opens: Minister says museums are important to preserve history













