തിരുവനന്തപുരം : ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭനെ ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി. 21 അംഗ കോർ കമ്മിറ്റി പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് പത്മനാഭനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പുതിയ നീക്കം. കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ സി കെ പത്മനാഭൻ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ ഈ തീരുമാനം. അതൃപ്തി കർശന നിലപാടുകളിലേക്ക് എത്തുമെന്ന് പത്മനാഭൻ മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ടായിരുന്നു. ഇതോടെ 22 അംഗ ജംബോ കോർ കമ്മിറ്റിയുടെ പട്ടിക ഉടൻ പുറത്തിറക്കും.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ അധ്യക്ഷന്മാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, രാജ്യസഭാ എം.പി. സി സദാനന്ദൻ, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി, അനിൽ ആൻ്റണി, ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ഉൾപ്പെടെ ഏഴ് ഉപാധ്യക്ഷന്മാരും കമ്മിറ്റിയിലുണ്ട്. എന്നാൽ, കെ എസ് രാധാകൃഷ്ണൻ, ആർ ശ്രീലേഖ, ഡോ. അബ്ദുൽ സലാം എന്നീ വൈസ് പ്രസിഡന്റുമാരെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിൽ ആർ.എസ്.എസ്, സംഘപരിവാർ സംഘടനകളിൽ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ നീക്കം.