ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 12 ആയി ഉയര്‍ന്നു. അപകടത്തെത്തുടര്‍ന്ന് നാല് പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ നടുഭാഗമാണ് വെള്ളിയാഴ്ചയോടെ തകര്‍ന്നുവീണത്.
സ്റ്റീല്‍ കേബിളിനുണ്ടായ തകരാര്‍ മൂലം പാലത്തിന്റെ ഒരുഭാഗം തകര്‍ന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് 15 ജീവനക്കാരും ഒരു പ്രൊജ്ക്ട് മാനേജറുമായിരുന്നു പ്രദേശത്തുണ്ടായിരുന്നതെന്ന് ചൈനീസ് പത്രമാധ്യമം ആയ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത പ്രതിരോധ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സിചുവാന്‍-ക്വിങ്ഹായ് റെയില്‍വേ പ്രൊജ്ക്ടിന്റെ ഭാഗമായ പാലം, നിർമാണം പൂർത്തിയാക്കിയാൽ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീല്‍ നിര്‍മിതമായ ആര്‍ച്ച് പാലം ആകുമായിരുന്നു.
ചൈനയില്‍ ഇത്തരം അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറില്‍ ഷെന്‍സെനിലെ ഒരു റെയില്‍വെ നിര്‍മാണ സ്ഥലത്ത് ടണല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 13 തൊഴിലാളികളെ കാണാതായിരുന്നു.
Bridge under construction in China collapses: 12 dead