ബി.എസ്.എൻ.എൽ: യു.പി.ഐയും ഇ-സിം സേവനവും ഉടൻ

ബി.എസ്.എൻ.എൽ: യു.പി.ഐയും ഇ-സിം സേവനവും ഉടൻ

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് മുന്നേറ്റത്തിന്റെ ഭാഗമായിട്ട് പൊതുമേഖല ടെലികോം കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) യു.പി.ഐ സേവനം ആരംഭിക്കാൻ ഒരുങ്ങുന്നു. ബി.എസ്.എൻ.എൽ സെൽഫ് കെയർ ആപ്പിലൂടെയാണ് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഓൺലൈൻ പേയ്‌മെന്റുകൾ ലഭ്യമാക്കുക. ഭീം യു.പി.ഐയുടെ പിന്തുണയോടെയാണ് സേവനം പ്രവർത്തിക്കുക. സേവനം ആരംഭിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും ആപ്പിൽ “ഉടൻ വരുന്നു” എന്ന ബാനർ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്.

ജിയോ, എയർടെൽ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികൾ നേരത്തെ തന്നെ യു.പി.ഐ സേവനം കൊണ്ടുവന്നിരുന്നു. ബി.എസ്.എൻ.എൽ സെൽഫ് കെയർ ആപ്പ് ഇതിനകം തന്നെ റീചാർജ്, ബിൽ പേയ്‌മെന്റ്, ലാൻഡ്‌ലൈൻ സേവനങ്ങൾ, ഫൈബർ കണക്ഷൻ ബുക്കിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്നു. ചില റീചാർജ് പ്ലാനുകൾക്ക് മുൻപ് 2% ഡിസ്കൗണ്ടും ഈ ആപ്പിൽ ലഭിച്ചിരുന്നു. യു.പി.ഐ സംയോജിപ്പിച്ചതോടെ പേയ്‌മെന്റുകൾ കൂടുതൽ എളുപ്പവും വേഗത്തിലും നടത്താം.

അതേസമയം, ബി.എസ്.എൻ.എൽ ഇ-സിം സേവനവും ആരംഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലാണ് ആദ്യ ഘട്ടത്തിൽ ഇ-സിം ലഭ്യമാക്കിയിരിക്കുന്നത്. ഉടൻ മറ്റ് സർക്കിളുകളിലേക്കും, കേരളം ഉൾപ്പെടെ, സേവനം വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫിസിക്കൽ സിം ഇല്ലാതെ തന്നെ സേവനം ലഭ്യമാക്കാനാകും എന്നതാണ് ഇ-സിമ്മിന്റെ പ്രത്യേകത. സ്മാർട്ഫോണുകളിലും വെയറബിളുകളിലും തടസ്സരഹിത ഉപയോഗം, തൽക്ഷണ സിം ആക്ടിവേഷൻ, ഐ.ഒ.ടി-റെഡി കണക്റ്റിവിറ്റി എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ.

ഉപയോക്താക്കൾക്ക് ഡിജിറ്റൽ KYC വഴി ഇ-സിം ലഭിക്കും. ഫോണിൽ ഇ-സിം സപ്പോർട്ട് ചെയ്താൽ, ഒറ്റത്തവണ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പ്രൊഫൈൽ ഡൗൺലോഡ് ചെയ്യാം. പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. ഡ്യുവൽ സിം പിന്തുണയുള്ള ഉപകരണങ്ങളിൽ ഒരു ഫിസിക്കൽ സിമ്മിനൊപ്പം ഇ-സിം ഉപയോഗിക്കാനും കഴിയും.

ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ ഇതിനകം തന്നെ ഇ-സിം നൽകി വരികയാണ്. ബി.എസ്.എൻ.എല്ലിന്റെ സേവനം എങ്ങനെയായിരിക്കും, ചാർജ് ഈടാക്കുമോ തുടങ്ങിയ കാര്യങ്ങളിൽ വരിക്കാർക്ക് ഇപ്പോഴും കാത്തിരിക്കേണ്ടി വരും.

BSNL: UPI and e-SIM Services Coming Soon

Share Email
Top