സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം, കർഷകർക്ക് വലിയ ആശ്വാസം

സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം, കർഷകർക്ക് വലിയ ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണ്. മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചർച്ച ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു. ഭൂമി പതിച്ച് കിട്ടിയവരിൽ പലരുടേയും നിർമ്മാണവും കൈമാറ്റവും വലിയ ബുദ്ധിമുണ്ടാക്കി. ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സർക്കാർ പാസാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടയഭൂമി വകമാറ്റിയാൽ ക്രമീകരിച്ച് നൽകാനുള്ള തടസമാണ് ഇതോടെ നീങ്ങുന്നത്. 1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ സൗജന്യമായി ക്രമപ്പെടുത്തി നൽകും.1500 ചതുരശ്ര അടി വരെയുള്ള നിർമ്മാണങ്ങൾ അപേക്ഷ കിട്ടി 90 ദിവസത്തിനകം ക്രമപ്പെടുത്തും. 1500- 3000 ചതുരശ്ര അടി വരെ ക്രമപ്പെടുത്താൻ ഭൂമിയുടെ ന്യായ വിലയുടെ 5 ശതമാനം കെട്ടി വെക്കണമെന്നും ഭേദ​ഗതിയിൽ പറയുന്നു.

3000 – 5000 ചതുരശ്ര അടി വരെ 10 ശതമാനം, 5000 – 10000 ചതുരശ്ര അടി വരെ 20 ശതമാനം, 10000 – 20000 ചതുരശ്ര അടി വരെ 40 ശതമാനം, 20000 – 40000 ചതുരശ്ര അടി 50 ശതമാനം ഫീസ് നൽകണം. ക്വാറികൾ പോലുള്ളവയ്ക്ക് മുഴുവൻ ന്യായവിലയും നൽകണമെന്നാണ് ഭേദ​ഗതി. ഇടുക്കി ഉള്‍പ്പടെയുള്ള ജില്ലകളിലെ ഭൂ ഉടമകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്ത് 2023 ല്‍ സര്‍ക്കാര്‍ ഭൂപതിവ് നിയമം ഭേദഗതി ചെയ്തിരുന്നു. എന്നാല്‍ ചട്ടം പ്രാബല്യത്തിലാകാത്തത് കൊണ്ട് നിയമ ഭേദഗതിയുടെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. കൃഷി, വീട് നിര്‍മ്മാണം എന്നിവയ്ക്കായി പതിച്ചു കൊടുത്ത ഭൂമിയില്‍ കടകള്‍, മറ്റ് ചെറുകിട നിര്‍മ്മാണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഇളവ് നല്‍കി ക്രമവല്‍ക്കരിച്ച് നല്‍കുന്നതാണ് നിയമാഭേദഗതിയിലൂടെ ഉണ്ടായ കാതലായ മാറ്റം. ഇടുക്കിയിലെ കര്‍ഷകരില്‍ നിന്നും കക്ഷിഭേദമന്യേ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നുവന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Share Email
LATEST
Top