ഒട്ടാവ: ഖലിസ്താൻ അനുകൂല പ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യയിലേക്ക് മടങ്ങിയാൽ പീഡനം നേരിടേണ്ടിവരുമെന്ന ഇന്ത്യൻ ദമ്പതികളുടെ അഭയാർഥിത്വ വാദം കനേഡിയൻ ഫെഡറൽ കോടതി തള്ളി. ദമ്പതികളുടെ വാദങ്ങൾ വിശ്വാസയോഗ്യമല്ലെന്ന് നിരീക്ഷിച്ച കോടതി, അപേക്ഷ തള്ളിയ കാനഡയിലെ അഭയാർഥി ബോർഡിന്റെയും അപ്പീൽ ഡിവിഷന്റെയും തീരുമാനം ശരിവെച്ചു. അമൻദീപ് സിങ് (38), കൻവൽദീപ് കൗർ (32) എന്നിവരുടെ അപേക്ഷകളാണ് കോടതി തള്ളിയത്.
2018-ൽ താത്കാലിക റെസിഡന്റ് വിസയിലാണ് ഇരുവരും കാനഡയിലെത്തിയത്. കാനഡയിൽ വെച്ച് ഖലിസ്താൻ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരായി മാറിയെന്നും, ഇന്ത്യയിലേക്ക് തിരിച്ചയച്ചാൽ രാഷ്ട്രീയപരമായ പ്രവർത്തനങ്ങളുടെ പേരിൽ പീഡിപ്പിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ അഭയാർഥിത്വത്തിന് അപേക്ഷിച്ചത്. സിഖ്‌സ് ഫോർ ജസ്റ്റിസ് നൽകിയ പഞ്ചാബ് റഫറണ്ടം ഖലിസ്താൻ വോട്ടർ രജിസ്‌ട്രേഷൻ കാർഡുകളും പ്രതിഷേധ ചിത്രങ്ങളും തെളിവായി ഹാജരാക്കിയിരുന്നു.
എന്നാൽ, സിങ്ങിന്റെ ഖലിസ്താൻ പ്രസ്ഥാനത്തോടുള്ള താൽപര്യവും പങ്കാളിത്തവും ആത്മാർഥതയില്ലാത്തതാണെന്ന് അഭയാർഥി സംരക്ഷണ ഡിവിഷൻ കണ്ടെത്തി. ഈ കണ്ടെത്തലിനോട് യോജിച്ച കോടതി, അപേക്ഷകരുടെ വാദങ്ങൾ വിശ്വാസയോഗ്യമല്ലാത്തതും ദുരുദ്ദേശപരവുമാണെന്ന് വിലയിരുത്തി. ദമ്പതികൾക്ക് തങ്ങളുടെ വാദം സാധൂകരിക്കാൻ കഴിഞ്ഞില്ലെന്നും അതിനാൽ അഭയാർഥി അപ്പീൽ ഡിവിഷന്റെ തീരുമാനത്തിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
നേരത്തെ, അഭയാർഥി അപ്പീൽ ഡിവിഷനും കുടിയേറ്റ അഭയാർഥി ബോർഡിന്റെ അഭയാർഥി സംരക്ഷണ വിഭാഗവും ദമ്പതികളുടെ അപേക്ഷകൾ തള്ളിയിരുന്നു. തുടർന്നാണ് ഇവർ ഫെഡറൽ കോടതിയെ സമീപിച്ചത്. കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതോടെ, കനേഡിയൻ ഇമിഗ്രേഷൻ അധികൃതർക്ക് ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിക്കാൻ കഴിയും.
Canadian court rejects Indian couple’s asylum claim, claiming they would face persecution if they went to India for their pro-Khalistan activities