എബി മക്കപ്പുഴ
മോസ്‌കോ: മാരകമായ കാന്‍സറുകളെ ഇല്ലാതാക്കാന്‍ കഴിയുന്ന വാക്‌സിനുകള്‍ മാസങ്ങള്‍ക്കുള്ളില്‍ മനുഷ്യനില്‍ പരീക്ഷിക്കുമെന്നു റിപ്പോര്‍ട്ട്. റഷ്യയില്‍ വികസിപ്പിച്ചെടുത്ത കാന്‍സര്‍ വാക്‌സിന്റെ മനുഷ്യരിലെ ആദ്യ വ്യാപക പ്രയോഗം അധികം വൈകാതെ നടക്കമെന്ന് റിപ്പോര്‍ട്ട്.
റഷ്യയിലെ ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് ആണ് ഇക്കാര്യം അറിയിച്ചത്. രോഗിയുടെ ജനിതക പ്രൊഫൈല്‍ ഉപയോഗിച്ച് മാരകമായ ട്യൂമറുകളെ ഇല്ലാതാക്കാന്‍ പര്യാപ്തമാണ് ഈ വാക്‌സിന്‍.
ഓരോ രോഗിക്കും വ്യത്യസ്തമായിരിക്കും ഈ വാക്‌സിന്‍ എന്നതാണ് പ്രത്യേകത. ഓരോ രോഗിയുടെയും ജനിതക സവിശേഷത പ്രത്യേകം പരിഗണിച്ചാണ് നിര്‍മിക്കുക. കാന്‍സര്‍ ചികിത്സാരംഗത്ത് ഇതൊരു വന്‍ വിപ്ലവമായാണ് കണക്കാക്കുന്നത്.ആദ്യ മനുഷ്യ പരീക്ഷണത്തിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് അനുകൂലമായ സൂചന ലഭിച്ചതായി അലക്‌സാണ്ടര്‍ ഗിന്റ്‌സ്ബര്‍ഗ് വ്യക്തമാക്കി. ‘മെലനോമ രോഗികളില്‍ നിയോ-ആന്റിജനുകളെ അടിസ്ഥാനമാക്കി കാന്‍സര്‍ വാക്‌സിന്‍ ഉപയോഗിച്ചുള്ള പരീക്ഷണ ചികിത്സ ആരംഭിക്കാന്‍ ഞങ്ങള്‍ തയ്യാറെടുക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
ത്വക്ക് കാന്‍സര്‍ രോഗികള്‍ക്കായി ആദ്യം രൂപകല്‍പ്പന ചെയ്ത ഈ വാക്‌സിന്‍, മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലും മനുഷ്യരില്‍ നടത്തിയ ചെറിയ പരീക്ഷണങ്ങളിലും വിജയിച്ചതായി വെളിപ്പെടുത്തി. ലോകത്തിലെ ആദ്യത്തെ കോവിഡ് -19 വാക്‌സിനായ സ്പുട്‌നിക് വി വികസിപ്പിച്ച ഗമാലെയ സെന്റര്‍ തന്നെയാണ് ഈ വാക്‌സിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്.
2022 ലെ കണക്കനുസരിച്ചു ലോകത്ത് 20 മില്ല്യണ്‍ കാന്‍സര്‍ രോഗികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.2050 ല്‍ ഇത് 33 മില്ല്യണ്‍ ആയി ഉയര്‍ത്തപ്പെടുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസം പകരുന്ന വാര്‍ത്ത റഷ്യയില്‍ നിന്ന് വരുന്നതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു.
പാന്‍ക്രിയാറ്റിക്, കിഡ്‌നി, നോണ്‍-സ്‌മോള്‍ സെല്‍ ശ്വാസകോശ കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് കാന്‍സര്‍ രോഗങ്ങള്‍ക്കുള്ള മോഡലുകളും വികസിപ്പിച്ചു വരുന്നുണ്ട് ഈ ലാബ്.
Cancer vaccine developed by Russia to be tested on humans within months