തൃശ്ശൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിദ്വേഷകരമായ ഓഡിയോ സന്ദേശമയച്ച സംഭവത്തിൽ തൃശൂരിലെ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തു. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും, അതിനാൽ സ്കൂളിൽ ഓണാഘോഷം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമാണ് അധ്യാപിക അയച്ചത്. ഈ പ്രസ്താവന മതവിദ്വേഷം വളർത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കുന്നംകുളം പോലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
മതങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിച്ചതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അധ്യാപികയുടെ സന്ദേശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് മതസൗഹാർദ്ദം തകർക്കുന്ന പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ശക്തമായ പ്രതിഷേധങ്ങളുണ്ടായി. സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അധ്യാപികയുടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ പകർപ്പുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.