ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് വിവാദ പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അമിത് ഷായുടെ തല വെട്ടിയെടുത്ത് പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് മഹുവ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് കേസ്. ബി.ജെ.പി. പ്രവർത്തകർ നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. മഹുവയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
അതിർത്തികൾ സംരക്ഷിക്കാൻ ആരുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ലക്ഷക്കണക്കിന് കോടിക്കണക്കിന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിൻ്റെ വീഴചയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ തല വെട്ടി പ്രധാനമന്ത്രിയുടെ മേശപ്പുറത്ത് വെക്കണമെന്നായിരുന്നു പ്രസ്താവന. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മൊയ്ത്ര വിവാദ പ്രസ്താവന നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നുഴഞ്ഞുകയറ്റക്കാർ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമാകുന്നുവെന്ന് പറഞ്ഞതിനെ മൊയ്ത്ര ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുമ്പോൾ മുൻനിരയിൽ ചിരിച്ചും കൈയടിച്ചും അമിത് ഷാ ഉണ്ടായിരുന്നുവെന്നും, രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ സാധിക്കാത്തത് ആരുടെ തെറ്റാണെന്നും അവർ ചോദിച്ചു.
ബിജെപി നേതൃത്വം പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. അസഹനീയവും വിദ്വേഷം നിറഞ്ഞതുമാണ് മൊയ്ത്രയുടെ പ്രസ്താവനയെന്ന് ബിജെപി പ്രതികരിച്ചു. പ്രസ്താവന തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോയെന്നും ബിജെപി ചോദിച്ചു.