കര്‍ക്കിടകത്തിലെ തിരുവോണമായ പിള്ളേരോണവും സാഹോദര്യത്തിന്റെ രക്ഷാബന്ധനും

കര്‍ക്കിടകത്തിലെ തിരുവോണമായ പിള്ളേരോണവും സാഹോദര്യത്തിന്റെ രക്ഷാബന്ധനും

എ.എസ് ശ്രീകുമാര്‍

ഇന്ന് ഓഗസ്റ്റ് 9-കര്‍ക്കിടകത്തിലെ തിരുവോണമായ പിള്ളേരോണവും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും നൂലിഴകള്‍ നെയ്തു ചേര്‍ക്കുന്ന രക്ഷാബന്ധനും ഒത്തുവന്ന അപൂര്‍വ ദിവസം ദിവസം. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പാണ് പിള്ളേരോണവും. ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കര്‍ക്കിടക മാസത്തിലെ തിരുവോണ നാളില്‍ കൊണ്ടാടി വന്നിരുന്ന ആഘോഷമാണ് പിള്ളേരോണം. കുട്ടികളാണ് ഈ ആഘോഷത്തിലെ താരങ്ങള്‍. പക്ഷേ പിള്ളേര്‍ക്കെന്നല്ല, പല ന്യൂജെന്‍ മാതാപിതാക്കള്‍ക്കും പിള്ളേരോണം എന്നാണെന്നും എന്താണെന്നും അറിയില്ല.

മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ അവര്‍ പറഞ്ഞു തരും പിള്ളേരോണത്തെപ്പറ്റി. ഒരുകാലത്ത് ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്ന പിള്ളേരോണം ഇന്നൊരു ഗൃഹാതുര ഒര്‍മ മാത്രമാണ്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലില്‍ അത് സ്വാഭാവികം. പക്ഷേ, പിള്ളേരോണമെന്ന പാരമ്പര്യ പൊലിമയുള്ള ആഘോഷം ഇന്നും കൊണ്ടാടുന്ന തറവാടുകള്‍ അങ്ങിങ്ങായി ഉണ്ട്. സമൃദ്ധിയുടേയും നന്‍മയുടേയും ചിങ്ങപ്പുലരിക്കായി അവര്‍ ഇതും ആഘോഷിച്ച് കാത്തിരിക്കുന്നു.

കൂട്ടുകുടുംബ കാലത്തെ വലിയ തറവാടുകളിലും മറ്റും വമ്പന്‍ ആഘോഷങ്ങളായിരുന്നു പിള്ളേരോണത്തിനുണ്ടായിരുന്നത്. കുട്ടികള്‍ കൂടുതലുണ്ടെന്നതുതന്നെയാണ് ഈ പിള്ളാരോണം ഗംഭീരമാകാന്‍ കാരണം. ഇന്ന് വീടുകളില്‍ ഒന്നോ കൂടിയാല്‍ രണ്ടോ പിള്ളേര് മാത്രം ഉള്ളപ്പോള്‍ പിന്നെന്ത് പിള്ളേരോണം. ന്യൂജെന്‍ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ് പിള്ളേരോണം.

കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായുമായി വന്നുപോകുമായിരുന്ന പിള്ളേരോണത്തിന്റെ ഉല്‍സവപൂര്‍ണിമ ഇന്നത്തെ കുട്ടികള്‍ക്ക് അറിയില്ല. അത് അവരുടെ കുറ്റമല്ല. മുതിര്‍ന്നവര്‍ കുട്ടികള്‍ക്കത് മനസിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് സത്യം. ഇങ്ങനെ മലയാളികളുടെ സുന്ദരമായ പല ആചാരങ്ങളും തലമുറകള്‍ കൊഴിയുമ്പോള്‍ വിസ്മൃതിയാലാണ്ടുപോകുന്നു.

പഞ്ഞക്കര്‍ക്കിടത്തിന്റെ കെടുതിയില്‍ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ പിള്ളേരോണത്തിന്റേയും പ്രത്യേകതയാണ്. കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഈ പത്താം വെയിലിലാണ് പിള്ളേരോണം എത്തുന്നത്. കുടുംബത്തിലെ കാരണവന്മാരായിരുന്നു പണ്ടൊക്കെ പിള്ളേരോണം ഉല്‍സവമാക്കിയിരുന്നത്. പിള്ളേരോണത്തിന്റെ പുരാവൃത്തമെന്താണ്..? വാമനന്റെ ഓര്‍മ്മയ്ക്കായി വൈഷ്ണവര്‍ ആയിരുന്നു കര്‍ക്കിടകമാസത്തില്‍ ഇത് ആഘോഷിച്ചിരുന്നത്. പൂക്കളം, ഓണപ്പുടവ തുടങ്ങിയുള്ള ചിങ്ങമാസത്തിലെ ഓണസംബന്ധമായ വലിയ ആഘോഷങ്ങളൊന്നും തന്നെ പിള്ളേരോണത്തിന് ഉണ്ടാവാറില്ല.

എങ്കിലും, കര്‍ക്കിടക വറുതിയില്‍ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന സദ്യ ഈ ആഘോഷത്തിന്റേയും പ്രത്യേകതയാണ്. പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികള്‍ക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു. ദുരിതവും പട്ടിണിയും നിറഞ്ഞ കര്‍ക്കിടകത്തിന്റെ കറുത്ത നാളുകള്‍ ഒരു കാലത്ത് മലയാളിക്ക് ഉണ്ടായിരുന്നു. വിശപ്പടക്കി കര്‍ക്കിടക മഴയെയും ശപിച്ച് അന്ന് തളര്‍ന്ന് ഉറങ്ങുന്ന ബാല്യങ്ങള്‍ കാത്തിരുന്നത് വയറുനിറയ്ക്കാനുള്ള പിള്ളേരോണമാണ്. മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായില്‍ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നുവത്രേ.

പണ്ടുകാലത്ത് കര്‍ക്കിടകത്തിലെ പിള്ളേരോണം മുതല്‍ ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. പാടത്തും പറമ്പിലുമുള്ള നാട്ടുപൂക്കള്‍ കൊണ്ട് ചെറിയൊരു പൂക്കളം തീര്‍ത്ത് ചിങ്ങമാസത്തിലെ ഓണത്തിന്റെ വരവ് വിളിച്ചറിയിക്കും. പിള്ളേരോണത്തിന് രാവിലെ കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് കുട്ടികള്‍ക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പിയൂട്ടും. കുട്ടികളെല്ലാം ഒത്തുചേരുമ്പോഴുള്ള കളികളെല്ലാം അപ്പോഴുമുണ്ടായിരുന്നു.

പ്രായമായവര്‍ മഹാബലി നാട് ഭരിച്ചിരുന്ന കാലത്തെ സമൃദ്ധിയും നീതിനിഷ്ഠയും അസുരചക്രവര്‍ത്തിയുടെ ധര്‍മ്മപുരാണം, വാമനന്‍ ഉള്‍പ്പെടെയുള്ളവരുടെ അവതാര കഥകള്‍ തുടങ്ങിയവ കുട്ടികള്‍ക്കായി പറഞ്ഞു കൊടുക്കും. പിള്ളേരോണം പാരമ്പര്യ രീതികളോടെ ആചരിക്കുന്ന നിരവധി വീടുകള്‍ ഇപ്പോഴുമുണ്ട്. കേരളപ്പഴമയുടെ പൈതൃകം പുതിയ തലമുറയ്ക്ക് കൈമാറുക എന്ന സന്ദേശമാണ് പിള്ളേരോണാഘോഷത്തിന്‍ നിഴലിക്കുന്നത്. വരാനിരിക്കുന്ന സമൃദ്ധിക്കു വേണ്ടി അണിഞ്ഞൊരുങ്ങുന്ന ഒരു സുദിനവുമാണിത്.

സ്‌നേഹനൂലിഴകളില്‍ കോര്‍ക്കുന്ന രക്ഷാബന്ധന്‍

സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും നൂലിഴകള്‍ നെയ്തു ചേര്‍ക്കുന്നതാണ് രക്ഷാബന്ധന ദിനം. സമൂഹത്തിന് ‘മഹത്തായ സഹോദരി സഹോദര ബന്ധം’ എന്ന സന്ദേശം പകര്‍ന്ന് നല്‍കിക്കൊണ്ടാണ് ഇന്ന് രക്ഷാബന്ധന്‍ ആചരിക്കുന്നത്. ഹൈന്ദവ വിശ്വാസികള്‍ പവിത്രവും പാവനവുമായാണ് രക്ഷാബന്ധന്‍ മഹോത്സവം കൊണ്ടാടുന്നത്. ശ്രാവണമാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധന്‍ മഹോത്സവം ആചരിക്കുന്നത്. രക്ഷാബന്ധന്‍ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. ഇതിന് ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്ത് ചടങ്ങ് ആഘോഷമാക്കിതീര്‍ക്കുന്നു.

വര്‍ണനൂലുകളാല്‍ നിര്‍മ്മിച്ച സുന്ദരമായ രക്ഷാസൂത്രമാണ് രാഖി. പൊതുവേ ചുവപ്പ് ചരട് ഉപയോഗിച്ചാണ് രാഖി ഉണ്ടാക്കുന്നത്. കേരളത്തില്‍ ചുവപ്പ്, കാവി, നീല നിറങ്ങളിലുള്ള രാഖി ചരടുകളാണ് പ്രചരിക്കുന്ന്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ രാഖിച്ചരടുകള്‍ അല്‍പം ആഡംബരം കലര്‍ത്തിയാണ് നിര്‍മ്മിക്കുക. മുത്തുകള്‍, കല്ലുകള്‍, വജ്രം പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ചും രാഖിച്ചരടുകള്‍ നിര്‍മ്മിക്കും.

തെക്കേ ഇന്ത്യയില്‍ ‘ആവണി അവിട്ടം’ എന്ന പേരിലാണ് രക്ഷാബന്ധന്‍ അറിയപ്പെടുന്നത്. ആവണി മാസത്തിലെ അവിട്ടം നാളിന് ഹിന്ദു ആചാര പ്രകാരം വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്‌മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്.

ബ്രാഹ്‌മണര്‍ അന്ന് പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദോച്ചാരണവും മന്ദ്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. ബ്രാഹ്‌മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂല്‍ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കില്‍ വിഞ്ജാനത്തിന്റെ കണ്ണ് തുറന്നു എന്നാണ് സങ്കല്‍പ്പം.

ഭാരതീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് രക്ഷാബന്ധന്‍ ദിനത്തില്‍ ആചരിക്കുന്നത്. ഈ ദിനത്തില്‍ അതിരാവിലെ തന്നെ കുളികഴിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. സഹോദരി രക്ഷാബന്ധന ദിവസം മധുര പലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, മധുര പലഹാരങ്ങള്‍ നല്‍കി, ദീര്‍ഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ഥിച്ച് കൈയില്‍ വര്‍ണനൂലുകളാല്‍ നിര്‍മിച്ച സുന്ദരമായ രാഖി കെട്ടികൊടുക്കുന്നു. സഹോദരന്‍ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരന്‍ സഹോദരിക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു. അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാല്‍ അവളെ അവര്‍ സഹോദരിയായി അംഗീകരിക്കുന്നു. രക്ഷാബന്ധനം വടക്കേ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.

രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കല്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധം നടന്നു. ദേവന്മാര്‍ പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്റെ പത്‌നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യില്‍ രക്ഷയ്ക്കായി, രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുകയും ഈ രക്ഷാസൂത്രത്തിന്റെ ബലത്തില്‍ ഇന്ദ്രന്‍ ശത്രുക്കളെ പരാജയപ്പെടുത്താന്‍ ശക്തി നേടുകയും ചെയ്തു. ഇതോടെ യുദ്ധത്തില്‍ ദേവന്മാര്‍ വിജയിച്ചു. ഇന്ദ്രന്‍ വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതല്‍ ‘രക്ഷാബന്ധനം’ എന്ന ഉത്സവത്തിന്റെ ആരംഭമായി.

പിന്നീട് സഹോദരി സഹോദരന്റെ കൈകളില്‍ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തില്‍ വന്നു. രാഖിയുടെ നൂലുകള്‍ക്ക് അത്ഭുത ശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്. ഇത് സംബന്ധിച്ച് പല ചരിത്ര സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സിക്കന്ദറും (മഹാനായ അലക്‌സാണ്ടര്‍) പൗരവരുടെ രാജാവായ പുരുവും (ഇന്നത്തെ പാകിസ്താനിന്റെ ഭാഗമായ പഞ്ചാബ് പ്രദേശത്തായിരുന്നു പൗരവരാജ്യം) തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി പുരുവിനെ സമീപിക്കുകയും കൈകളില്‍ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത് യുദ്ധത്തില്‍ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി. പുരു കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു. രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇത്.

എല്ലാ മതവിഭാഗങ്ങളുടെയുമിടയില്‍ സ്‌നേഹ സാഹോദര്യങ്ങള്‍ പുനസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു. രക്ഷാബന്ധന ദിനത്തില്‍ ഭാരത സ്ത്രീകള്‍, ജവാന്‍മാര്‍ തുടങ്ങി ജയില്‍പ്പുള്ളികളുടെ വരെ കൈകളില്‍ രാഖി ബന്ധിച്ചുകൊണ്ട് സ്‌നേഹ സാഹോദര്യങ്ങളുടെ പാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

Celebtating Avani Avittam and Rakshabandhan today August 09

Share Email
LATEST
Top