ന്യൂഡൽഹി: ടിക് ടോക്ക് നിരോധനം പിന്‍വലിക്കാന്‍ ഉത്തരവിട്ടിട്ടില്ല എന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്കിന്റെ നിരോധനം നീങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. ടിക് ടോക്കിന് ഇപ്പോഴും ഇന്ത്യയില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. വിലക്ക് നീങ്ങിയെന്ന തരത്തിലുള്ള പ്രസ്താവനയിലും വാര്‍ത്തകളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.
ടിക് ടോക്കിന്റെ വെബ്‌സൈറ്റ് ലഭ്യമാണെങ്കിലും ഹോം പേജ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് പേജുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിലും ടിക് ടോക്ക് ആപ്പ് ലഭ്യമല്ല. ഇന്റര്‍നെറ്റ് സേവനദാതാക്കളും ടിക് ടോക്കിനും വെബ്‌സൈറ്റിനും വിലക്ക് തുടരുന്നുണ്ട്.
2020-ല്‍ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിന് പിന്നാലെ തകര്‍ന്ന ബന്ധം വീണ്ടും ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെയാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുക, വ്യാപാരം പുനരാരംഭിക്കുക, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി എത്രയും വേഗം പുനരാരംഭിക്കുക എന്നിവ ഉള്‍പ്പെടെവയില്‍ ഇരു രാജ്യങ്ങളും ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനാ സന്ദര്‍ശനം നടത്തുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ക്ഷണം സ്വീകരിച്ച് ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മിറ്റില്‍ മോദി പങ്കെടുക്കും.
ടിക് ടോക്കും അലി എക്‌സ്പ്രസും ഉള്‍പ്പടെ 59 ആപ്പുകളാണ് 2020 ജൂണ്‍ 15 ന് ഇന്ത്യ നിരോധിച്ചത്. മാല്‍വെയറുകളും സ്‌പൈ വെയറുകളും പ്രവചരിപ്പിക്കുന്നതിന് ഉപയോഗിക്കുന്നുവെന്നും സ്വകാര്യത ലംഘിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Central government clarifies that no order has been issued to lift TikTok ban