കൊച്ചി: കേന്ദ്ര സർക്കാർ ജിഎസ്ടി പരിഷ്കരണ നടപടികൾ ലോട്ടറി മേഖലയ്ക്ക് വെല്ലുവിളിയായേക്കും. ഹാനികരമായ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും 40 ശതമാനം നികുതി ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളാണ് ഇതിന് കാരണം. നിലവിൽ ലോട്ടറിക്ക് 28 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും നികുതി വർധനവിൽ ആശങ്കയിലാണ്. അടുത്ത ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
പുതിയ പരിഷ്കരണ നിർദ്ദേശമനുസരിച്ച് നിലവിലുള്ള നാല് ജിഎസ്ടി സ്ലാബുകൾ രണ്ടായി കുറയ്ക്കും. ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 5% അല്ലെങ്കിൽ 18% ജിഎസ്ടിയാകും ഈടാക്കുക. എന്നാൽ സിഗരറ്റ്, ഗെയിമിംഗ് തുടങ്ങിയ ഹാനികരമായ ഉത്പന്നങ്ങൾക്ക് 40% ജിഎസ്ടി ഏർപ്പെടുത്താനാണ് നീക്കം. നികുതി കുത്തനെ കൂടുന്നതോടെ ലോട്ടറി വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായേക്കും.
ലോട്ടറി വരുമാനത്തിൽ കേരളം മുന്നിലാണ്. രാജ്യത്തെ മൊത്തം ലോട്ടറി വരുമാനത്തിൻ്റെ 97% കേരളത്തിൽ നിന്നാണ്. ഈ സാമ്പത്തിക വർഷം ലോട്ടറിയിൽ നിന്ന് 14,220 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 2014-15 സാമ്പത്തിക വർഷത്തിൽ 5,445 കോടി രൂപ മാത്രമായിരുന്ന കേരളത്തിൻ്റെ ലോട്ടറി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 13,244 കോടിയിലെത്തിയിരുന്നു.
ജിഎസ്ടി നടപ്പാക്കിയപ്പോൾ സർക്കാർ ലോട്ടറിക്ക് 12% വും, സർക്കാർ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികൾക്ക് 28% വുമായിരുന്നു നികുതി. 38-ാമത് ജിഎസ്ടി കൗൺസിൽ യോഗമാണ് രണ്ട് വിഭാഗങ്ങളുടെയും നികുതി 28 ശതമാനമായി ഏകീകരിച്ചത്.
Central government’s GST reform measures pose a challenge to the Kerala government’s lottery sector