അമേരിക്കയിലെ അര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ ഗുഡ്‌വില്‍ അംബാസഡറായി (Arkansas Traveler) ഖത്തറിലെ പ്രശസ്ത പ്രവാസി വ്യവസായിയും തിരുവനന്തപുരം സ്വദേശിയുമായ താഹാ മുഹമ്മദ് അബ്ദുല്‍ കരീം നിയമിതനായി. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷനല്‍സ് കൗണ്‍സിലിന്റെ (ഐ.ബി.പി.സി) പ്രസിഡന്റായ താഹായെ അര്‍ക്കന്‍സസ് ഗവര്‍ണര്‍ സാറാ ഹക്കബീ സാന്‍ഡേഴ്‌സാണ് ഗുഡ്‌വില്‍ അംബാസഡറായി പ്രഖ്യാപിച്ചത്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ ഡി. റൂസ് വെല്‍റ്റ്, പ്രസിഡന്റ് റൊണാള്‍ഡ് റൈഗന്‍, നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ മുന്‍കാലങ്ങളില്‍ ഈ ബഹുമതി നേടിയവരില്‍ ഉള്‍പ്പെടുന്നു.
കൂടാതെ, കവയിത്രിയും എഴുത്തുകാരിയും സിവില്‍ റൈറ്റ്‌സ് പ്രവര്‍ത്തകയുമായിരുന്ന മായ ആഞ്ചലോ, ബോക്‌സര്‍ മുഹമ്മദ് അലി, ടെന്നീസ് ഇതിഹാസം ആര്‍തര്‍ ആഷെ, കണ്‍ട്രി മ്യൂസിക് സൂപ്പര്‍സ്റ്റാര്‍ ഗാര്‍ത്ത് ബ്രൂക്‌സ്, ഇതിഹാസ ഹാസ്യനടന്‍ ബോബ് ഹോപ്പ്, ഐ.ബി.എമ്മിന്റെ സഹസ്ഥാപകനായ തോമസ് ജെ. വാട്‌സണ്‍ എന്നിവരും ഈ പദവി അലങ്കരിച്ചിട്ടുണ്ട്.
യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ ‘പ്രകൃതി സംസ്ഥാനം’ എന്നറിയപ്പെടുന്ന അര്‍ക്കന്‍സസിന്റെ ആഗോള പ്രതിനിധിത്വം ഉറപ്പാക്കുകയെന്നതാണ് ഗുഡ്‌വില്‍ അംബാസിഡറുടെ പ്രധാന ഉത്തരവാദിത്വം. സംസ്ഥാനത്തിന്റെ സമ്പന്നമായ പാരമ്പര്യവും മൂല്യങ്ങളും ലോകത്താകമാനമുള്ള രാജ്യങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് താഹാ മുഹമ്മദ് അഭിമാനപൂർവം ഈ പദവി ഏറ്റെടുത്തത്.
23 വര്‍ഷത്തിലധികമായി ബിസിനസ് കണ്‍സള്‍ട്ടിങ്, റീട്ടെയില്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്കിങ്, ട്രേഡിങ്, സ്ട്രാറ്റജിക് അഡ്വൈസറി മേഖലകളില്‍ പ്രവർത്തിച്ചുവരുന്ന താഹാ മുഹമ്മദ് ഖത്തര്‍ രാജകുടുംബാംഗങ്ങൾക്ക് പ്രത്യേക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്നു. ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ബ്രാന്‍ഡായ മാസ്‌കര്‍ ഗ്രൂപ്പിന്റെ ജനറല്‍ മാനേജറും ഡയറക്ടര്‍ ബോര്‍ഡ് ഉപദേഷ്ടാവുമാണ്. വത്‌നാന്‍ ഹോള്‍ഡിംഗ്സിന്റെ കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിക്കുന്നു.
ഗള്‍ഫ് മേഖലയിലെ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിന്റെ ഔദ്യോഗിക ക്ലബ്ബായ ജി.സി.സി. ഹാര്‍വാര്‍ഡ് ക്ലബ്ബിന്റെ ഖത്തര്‍ കണ്‍ട്രി ഹെഡായ താഹാ ക്ലബ്ബിന്റെ സെക്രട്ടറിയും ബോര്‍ഡ് പ്രതിനിധിയുമാണ്. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, എം.ഐ.ടി, വാര്‍ട്ടണ്‍, കേംബ്രിഡ്ജ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്, കൊളംബിയ, ഹെന്‍ലി, ഐ.ഐ.എം അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ പ്രമുഖ ആഗോള സ്ഥാപനങ്ങളില്‍ നിന്ന് താഹാ ബിരുദങ്ങളും സീനിയർ മാനേജ്മെന്റ് സര്‍ട്ടിഫിക്കേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട്.
ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിജി ബിരുദധാരിയായ താഹാ, പ്രവാസലോകത്തും ആഗോള ബിസിനസ് രംഗത്തും ഇന്ത്യയുടെ ശബ്ദമാകുന്ന ഒരുതാരം കൂടിയാണ്.