ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി: അതിഥികളായി ബിജു കെ. സ്റ്റീഫനും ലക്ഷ്മി ജയനും

ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി: അതിഥികളായി ബിജു കെ. സ്റ്റീഫനും ലക്ഷ്മി ജയനും

ജോസ് കണിയാലി

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസർ ബിജു കെ. സ്റ്റീഫനും പ്രശസ്ത ഗായികയും കലാകാരിയുമായ ലക്ഷ്മി ജയനും മുഖ്യാതിഥികളായി പങ്കെടുക്കും. ഓഗസ്റ്റ് 31-ന് ഞായറാഴ്ചയാണ് മത്സരം. എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവരും അതിഥികളായി എത്തും. ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി.യായിരുന്ന ബിജു കെ. സ്റ്റീഫൻ 2012-ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയിട്ടുണ്ട്. കുറ്റാന്വേഷണ മികവിനുള്ള ‘ബാഡ്ജ് ഓഫ് ഓണർ’ രണ്ടുതവണ ലഭിച്ചിട്ടുണ്ട്. മത്സരത്തോടനുബന്ധിച്ച് നടക്കുന്ന ഇന്ത്യ ഫുഡ് ഫെസ്റ്റിവൽ ബിജു കെ. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും.

പ്രമുഖ വയലിനിസ്റ്റ് കൂടിയായ ലക്ഷ്മി ജയൻ ഏഷ്യാനെറ്റ്, കൈരളി വി തുടങ്ങിയ ചാനലുകളിൽ അവതാരകയായിരുന്നു. ഡബ്ബിങ്, പിന്നണി സംഗീത മേഖലകളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇവർ ‘ബിഗ് ബോസ് മലയാളം സീസൺ 3’, ‘ഐഡിയ സ്റ്റാർ സിംഗർ’ എന്നീ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

മത്സരവും മറ്റു പരിപാടികളും

മോർട്ടൻഗ്രോവ് പാർക്ക് ഡിസ്ട്രിക്റ്റ് സ്റ്റേഡിയത്തിലാണ് ഇത്തവണ മത്സരം. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് മത്സരങ്ങൾ. തുടർന്ന്, രാത്രി 10 വരെ നീളുന്ന ഇന്ത്യ ഫുഡ് ഫെസ്റ്റിൽ വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാകും. വൈകീട്ട് 7 മുതൽ 10 വരെ അഫ്‌സലിന്റെ നേതൃത്വത്തിൽ കലാസന്ധ്യയും അരങ്ങേറും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലധികം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

Chicago Social Club International Tug of War: Biju K. Stephen and Lakshmi Jayan as guests

Share Email
Top