പാകിസ്താന് വീണ്ടും ആയുധങ്ങളും യുദ്ധസാമഗ്രികളും നല്‍കി ചൈന

പാകിസ്താന് വീണ്ടും ആയുധങ്ങളും യുദ്ധസാമഗ്രികളും നല്‍കി ചൈന

വുഹാന്‍: ഇന്ത്യ-പാക് സംഘര്‍ഷം പുകയുന്നതിനിടെ പാകിസ്താന് വീണ്ടും ആയുധങ്ങളും യുദ്ധസാമഗ്രികളും നല്‍കി ചൈന. എട്ട് പുതിയ അത്യാധുനിക ഹാംഗര്‍-ക്ലാസ് അന്തര്‍വാഹിനികളില്‍ മൂന്നാമത്തേത് ചൈന പാകിസ്താന് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമമായ ഗ്ലോബല്‍ ടൈംസിലെ റിപ്പോര്‍ട്ട് അനുസരിച്ച്, മൂന്നാമത്തെ ഹാംഗര്‍-ക്ലാസ് അന്തര്‍വാഹിനിയുടെ നീറ്റിലിറക്കല്‍ ചടങ്ങ് വ്യാഴാഴ്ച മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനില്‍ നടന്നു. പാകിസ്താന് വേണ്ടി ചൈന നിര്‍മ്മിക്കുന്ന എട്ട് അന്തര്‍വാഹിനികളില്‍ രണ്ടാമത്തേത് ഈ വര്‍ഷം മാര്‍ച്ചിലാണ് കൈമാറിയത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തങ്ങളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യത്തിന് പിന്തുണ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്താന്റെ നാവികശേഷി വര്‍ധിപ്പിക്കാനാണ് ഈ കൈമാറ്റങ്ങളിലൂടെ ചൈന ലക്ഷ്യമിടുന്നത് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇതിന് പുറമെ, കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടെ നാല് ആധുനിക നാവിക ഫ്രിഗേറ്റുകളും ചൈന പാകിസ്താന് നല്‍കിയിട്ടുണ്ട്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൈന സ്ഥിരമായ വിപുലീകരണം ലക്ഷ്യമിടുന്ന സമയത്താണ് ഈ പുതിയ കൈമാറ്റങ്ങള്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബലൂചിസ്താനിലെ ഗ്വാദര്‍ തുറമുഖം വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും ഇതേ സമുദ്രമേഖലയില്‍ തന്നെയാണ്.

ഹാംഗര്‍-ക്ലാസ് അന്തര്‍വാഹിനിയുടെ അത്യാധുനിക ആയുധങ്ങളും നൂതന സെന്‍സറുകളും പ്രാദേശിക ശക്തി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിലും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും നിര്‍ണായകമാകുമെന്ന് പാകിസ്താന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് പ്രോജക്ട്-2 വൈസ് അഡ്മിറല്‍ അബ്ദുള്‍ സമദ് പറഞ്ഞു. മൂന്നാമത്തെ അന്തര്‍വാഹിനിയുടെ നീറ്റിലിറക്കല്‍ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പാകിസ്താന്റെ 81 ശതമാനത്തിലധികം സൈനിക ഉപകരണങ്ങളും വിതരണം ചെയ്തത് ചൈനയാണ്. ഇരുരാജ്യങ്ങളും സംയുക്തമായി നിര്‍മ്മിക്കുന്ന ജെഎഫ്-17 യുദ്ധവിമാനങ്ങള്‍ക്ക് പുറമെ, വിവിധോദ്ദേശ്യ J-10CE യുദ്ധവിമാനങ്ങളിലെ ആദ്യത്തേത് 2022-ല്‍ ചൈന പാകിസ്താന്‍ വ്യോമസേനയ്ക്ക് കൈമാറിയിരുന്നു.

China again supplies weapons and military equipment to Pakistan

Share Email
Top