‘ഇത് രാജ്യത്തെ ക്രിസ്ത്യൻ വേട്ടയുടെ പ്രതീകം, ഒറ്റക്കെട്ടായി ചെറുക്കണം’, ഒഡീഷയിൽ വൈദികർക്കെതിരായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

‘ഇത് രാജ്യത്തെ ക്രിസ്ത്യൻ വേട്ടയുടെ പ്രതീകം, ഒറ്റക്കെട്ടായി ചെറുക്കണം’, ഒഡീഷയിൽ വൈദികർക്കെതിരായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒഡിഷയിലെ ജലേശ്വറിൽ കേരളത്തിൽ നിന്നുള്ള കത്തോലിക്കാ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ സംഘപരിവാർ പ്രവർത്തകർ നടത്തിയ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മതപരിവർത്തനം എന്ന കള്ള ആരോപണത്തിന്റെ മറവിൽ നടന്ന ഈ ആക്രമണം, രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന “സാമുദായിക വേട്ട”യുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജലേശ്വറിലെ ഗംഗാധർ ഗ്രാമത്തിൽ, ഒരു മരണവാർഷികത്തോടനുബന്ധിച്ച് പ്രാർത്ഥനാ ശുശ്രൂഷയ്ക്കായി എത്തിയ ഫാ. ലിജോ നിരപ്പേൽ, ഫാ. വി. ജോജോ, രണ്ട് കന്യാസ്ത്രീകൾ, ഒരു കത്തോലിക്കാ അദ്ധ്യാപകൻ എന്നിവർക്ക് നേരെയാണ് ബജ്റംഗ് ദൾ പ്രവർത്തകരെന്ന് സംശയിക്കപ്പെടുന്ന 70-ലധികം പേർ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വാഹനങ്ങൾ നശിപ്പിക്കുകയും മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

“ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നാലെ, ഒഡിഷയിലെ ഈ ആക്രമണം സംഘപരിവാർ ക്രൈസ്തവർക്കെതിരെ നടത്തുന്ന അതിക്രമങ്ങളുടെ തുടർച്ചയാണ്” – മുഖ്യമന്ത്രി പിണറായി വിജയൻ എക്സിൽ കുറിച്ചതിങ്ങനെയാണ്. “ബജ്റംഗ് ദൾ പ്രവർത്തകരുടെ കള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. ഭരണകൂടത്തിന്റെ ശിക്ഷാരാഹിത്യം ഈ ഹിന്ദുത്വ വിജിലന്റിസത്തെ പ്രോത്സാഹിപ്പിക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു. മതേതരവും ജനാധിപത്യപരവുമായ ശക്തികൾ ഒന്നിച്ച് ഈ അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. “ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് തടയേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്”. ഈ സംഭവത്തിൽ നീതി ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വേട്ടയുടെ തുടർച്ചയാണിതെന്നും ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും പിണറായി ആഹ്വാനം ചെയ്തു.

Share Email
More Articles
Top