തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങളുമായി ‘നെയ്ത്ത്’ എന്ന ബ്രാൻഡ് അടുത്ത മാസം വിപണിയിലെത്തും. തിരുവനന്തപുരത്തെ സി.ഇ.ടി. കോളജിലെ റിന്യൂവബിൾ എനർജി എം.ടെക് വിദ്യാർഥിയായ വിഷ്ണു ഗിരിജാഗോപാലും (27) സുഹൃത്ത് ജി.എസ്. ജിത്തുവും (27) ചേർന്നാണ് പി.ഇ.ടി. (പോളിഎഥിലീൻ ടെറെഫ്‌താലേറ്റ്) കുപ്പികളിൽനിന്ന് വസ്ത്രങ്ങൾ നിർമ്മിക്കുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം.
സുസ്ഥിര സാങ്കേതികവിദ്യ
സസ്റ്റെയിനബിൾ ഫൈബർ എൻജിനിയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്ലാസ്റ്റിക്കിനെ നൂലാക്കി മാറ്റുന്നത്. വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഈ രീതിയിൽ വസ്ത്രങ്ങളുടെ മൃദുത്വവും വായുസഞ്ചാരവും ഉറപ്പാക്കാൻ മുളയുടെ പൾപ്പ് കൂടി ചേർക്കുന്നുണ്ട്.
മിനറൽ വാട്ടർ, പെപ്സി, സെവൻ അപ്പ് തുടങ്ങിയ പ്ലാസ്റ്റിക് കുപ്പികളാണ് ഇതിനായി ഉപയോഗിക്കുന്നത്. തീരദേശ ശുചീകരണത്തിലൂടെയാണ് കുപ്പികൾ ശേഖരിക്കുന്നത്. ഇവ വൃത്തിയാക്കി തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള ഫാക്ടറിയിൽ സംസ്‌കരിച്ച് ചെറിയ തരികളാക്കും. അതിനുശേഷം മുളയുടെ പൾപ്പ് ചേർത്ത് ചൂടാക്കി നൂലാക്കി മാറ്റുന്നു. ഈ നൂലിൽനിന്ന് ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലും ഷർട്ടുകൾ, ടീഷർട്ടുകൾ, ബനിയനുകൾ തുടങ്ങിയ വസ്ത്രങ്ങൾ നിർമ്മിക്കും. വഴുതക്കാടാണ് ‘നെയ്ത്തി’ന്റെ ഓഫീസ്.
ശരീരത്തിന് ദോഷകരമല്ലാത്ത ഉത്പന്നം
പ്ലാസ്റ്റിക്കിനൊപ്പം മുള ചേർത്തതിനാൽ ഈ വസ്ത്രങ്ങൾ ശരീരത്തിന് ദോഷമുണ്ടാക്കില്ലെന്ന് നിർമ്മാതാക്കൾ പറയുന്നു. ഉത്പന്നങ്ങൾക്ക് ഗ്ലോബൽ റീസൈക്കിൾഡ് സ്റ്റാൻഡേർഡ് അംഗീകാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ, മെഡിക്കൽ ടെസ്റ്റുകളും പാസായിട്ടുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലായിരിക്കും ഉത്പന്നങ്ങൾ വിൽക്കുക. കൊച്ചിയിൽ നടന്ന കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിൽ ‘നെയ്ത്ത്’ ബ്രാൻഡ് ആദ്യമായി അവതരിപ്പിച്ചിരുന്നു. പേറ്റന്റിനും അപേക്ഷിച്ചിട്ടുണ്ട്.
കാഞ്ഞിരംപാറ സ്വദേശിയായ വിഷ്ണുവും പേട്ട സ്വദേശിയായ ജിത്തുവും ആനാട് മോഹൻദാസ് എൻജിനിയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനിയറിങ് സഹപാഠികളായിരുന്നു. 2019-ൽ പഠനം പൂർത്തിയാക്കിയ ശേഷം വിഷ്ണു ഒരു ഇന്റീരിയർ ഡിസൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ആ ജോലി രാജിവെച്ചാണ് ജിത്തുവിനൊപ്പം തിരുപ്പൂരിലെത്തി, 2022-ൽ ഒരു മലയാളിയായ ബിനോയിയുടെ സഹായത്തോടെ ‘നെയ്ത്ത്’ എന്ന ഫാക്ടറി തുടങ്ങിയത്. ഫാക്ടറി ലാഭത്തിലായപ്പോഴാണ് പരിസ്ഥിതി സൗഹൃദ വസ്ത്ര ബ്രാൻഡ് എന്ന ആശയം ഇരുവരും മുന്നോട്ട് വെച്ചത്.
Clothes made from plastic bottles; ‘Neyth’ to the market; This is the first such initiative in Kerala













