തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലക്ഷയമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെടിടങ്ങള്‍ പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന ഇതോടൊപ്പം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ ചേര്‍ന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണം.
മന്ത്രിമാരായ കെ രാജന്‍, കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CM directs to provide details of buildings to be demolished within two weeks