തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്ന നിലപാട് കോൺഗ്രസിൽ ശക്തം. പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്നാലെ രമേശ് ചെന്നിത്തല, കെ മുരളീധരൻ, ഷാനിമോൾ ഉസ്മാൻ, അജയ് തറയിൽ തുടങ്ങി നേതാക്കളെല്ലാം രാജി വേണമെന്ന ഉറച്ച നിലപാടിലാണ്. ഈ വിഴുപ്പ് ചുമക്കെണ്ടതില്ല എന്ന നിലപാട് അജയ് തറയിൽ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. രാഹുൽ രാജി വെച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള ബദൽ നടപടികളും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ഇതിനായി ‘പ്ലാൻ ബി’ ആയി ചില തന്ത്രങ്ങൾ ആലോചനയിലുണ്ടെന്നാണ് വിവരം. രാഹുലിന്റെ തീരുമാനം പാർട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങളെയും പ്രാദേശിക നേതൃത്വത്തിന്റെ ഐക്യത്തെയും എങ്ങനെ ബാധിക്കുമെന്നതും കോൺഗ്രസ് വിലയിരുത്തുന്നുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് പാർട്ടി നിയമോപദേശം തേടിയതായും വിവരമുണ്ട്. രാഹുൽ രാജി വെച്ചാൽ ഉപതെരെഞ്ഞെടുപ്പ് നടത്തേണ്ടി വരുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്ന വിഷയം. രാഹുൽ എംഎൽഎ പദവിയിൽ തുടരണോ വേണ്ടയോ എന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് വേഗത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകുമോ എന്നതാണ് പരിഗണിക്കുന്നത്. പാർട്ടി നേതൃത്വം ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തിവരികയാണ്.