തിരുവനന്തപുരം : കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ന് രാത്രിയിൽ സംസ്ഥാന വ്യാപകമായി ‘ഫ്രീഡം നൈറ്റ് മാർച്ച്’ സംഘടിപ്പിക്കും. ‘വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ പ്രതിഷേധം.
എല്ലാ ജില്ലകളിലും രാത്രി എട്ട് മണിക്കാണ് മാർച്ച്. തിരുവനന്തപുരം മ്യൂസിയം ജങ്ഷനിൽ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള മാർച്ചിൻ്റെ സംസ്ഥാനതല ഉദ്ഘാടനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിർവഹിക്കും. വയനാട്ടിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാർച്ചുകൾക്ക് നേതൃത്വം നൽകും.
കൂടാതെ, രമേശ് ചെന്നിത്തല ആലപ്പുഴയിലും കെ. സുധാകരൻ കണ്ണൂരിലും മാർച്ച് നയിക്കും. വോട്ട് ചോരി ആരോപണങ്ങൾക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ചുകളും നടത്തും. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ രാജ്യവ്യാപകമായി ക്യാമ്പയിനുകൾ നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് കോടി ഒപ്പുകൾ ശേഖരിക്കാനാണ് കോൺഗ്രസിൻ്റെ ലക്ഷ്യം.
ഈ മാസം 17-ന് രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബീഹാറിൽ നിന്ന് ആരംഭിക്കും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ അണിചേരും.