ജെയിംസ് കൂടൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ആദർശധീരരായ നേതാക്കളുടെ പ്രസ്ഥാനമെന്ന നിലയിൽ എന്നും വേറിട്ടുനിന്നിട്ടുണ്ട്. ഗാന്ധിജിയും നെഹ്‌റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവർ ജനക്ഷേമത്തിനായി സത്യസന്ധമായി അധികാരത്തെ ഉപയോഗിച്ചവരാണ്. അഴിമതിയും ആരോപണങ്ങളും ഉയർന്നുവരുമ്പോൾ സ്ഥാനമാനങ്ങൾ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോന്ന എ.കെ. ആൻ്റണിയെ പോലുള്ള നേതാക്കൾ ആ പാർട്ടിയുടെ ധാർമിക പാരമ്പര്യത്തിന് ഉദാഹരണങ്ങളാണ്. എന്നാൽ, സമീപകാലത്ത് യുവനേതാക്കൾക്കിടയിൽ ഉയർന്നുവന്ന ചില വിവാദങ്ങൾ ഈ പാരമ്പര്യത്തെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. യുവതലമുറയിലെ നേതാക്കൾക്ക് കോൺഗ്രസ് നേതൃത്വത്തിലേക്ക് കടന്നുവരാൻ അവസരമില്ലെന്ന ആക്ഷേപങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇല്ലാതായി. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ചാണ്ടി ഉമ്മൻ എന്നിവരെപ്പോലെ കഴിവുള്ള യുവനേതാക്കൾക്ക് മുന്നോട്ട് വരാൻ പാർട്ടി അവസരം നൽകി. എങ്കിലും, ഒരു യുവനേതാവിനെതിരെയുണ്ടായ ഗുരുതരമായ ലൈംഗികാരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു.
യുവത്വവും പ്രതിസന്ധിയും
യുവനേതാക്കൾക്ക് അവസരം നൽകുന്നതിൽ പാർട്ടി പുലർത്തുന്ന താൽപര്യം ശ്രദ്ധേയമാണ്. എന്നാൽ, യുവജന നേതാവായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. നിരവധി യുവതികളെ വശീകരിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതികൾ പുറത്തുവന്നപ്പോൾ പാർട്ടി ദേശീയ തലത്തിൽ പോലും പ്രതിരോധത്തിലായി. ആരോപണങ്ങൾ ഉയർന്നുവന്ന ഉടൻതന്നെ രാജി വെച്ച് ധാർമികത കാട്ടാൻ തയ്യാറാകാതെ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങിക്കിടക്കാൻ അദ്ദേഹം ശ്രമിച്ചു. ഇത് പാർട്ടിയുടെ ആദർശരാഷ്ട്രീയത്തിന് വിരുദ്ധമായ സമീപനമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് ഒടുവിൽ ആ സ്ഥാനം ഒഴിയേണ്ടി വന്നത്. ഉമാ തോമസ്, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ വനിതാ നേതാക്കളും കെ.കെ. രമയെ പോലുള്ള ഘടകകക്ഷി നേതാവും രാഹുലിന്റെ രാജി ആവശ്യപ്പെട്ടത് ഈ വിഷയത്തിലെ ഗൗരവം വ്യക്തമാക്കുന്നു.
കോൺഗ്രസിൻ്റെ ധാർമിക നിലപാട്
ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമാണ്. ആരോപണവിധേയനായ ഒരു നേതാവിനെ സംരക്ഷിക്കാൻ പാർട്ടി ശ്രമിച്ചില്ല. സ്ത്രീകൾക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുകയും അവരെ ചേർത്തുനിർത്തുകയും ചെയ്യുന്ന പാർട്ടി, സ്ത്രീകൾക്കെതിരെ തെറ്റ് ചെയ്യുന്നവരെ ഒരു കാരണവശാലും സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് നൽകിയത്. ഇത് മറ്റ് പാർട്ടികൾക്ക് മാതൃകയാക്കാവുന്ന ഒരു നിലപാടാണ്.
മറ്റു പാർട്ടികളിൽ ആരോപണങ്ങൾ വരുമ്പോൾ നേതാക്കളെ സംരക്ഷിച്ചുനിർത്തുന്ന പ്രവണത കാണാറുണ്ട്. സി.പി.എമ്മിലെ എം. മുകേഷ്, എ.കെ. ശശീന്ദ്രൻ എന്നിവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും പാർട്ടി അവരെ സംരക്ഷിച്ചുനിർത്തുന്നതായി കാണാം. ആരോപണങ്ങളെ പാർട്ടി കമ്മിഷനുകളും കോടതികളും വഴി ഒതുക്കിത്തീർക്കാനും പരാതിക്കാരെ ഭീഷണിപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നു. ബി.ജെ.പിയിലും ഈ രീതിയിൽ കാര്യമായ മാറ്റങ്ങളില്ല. എന്നാൽ, കോൺഗ്രസ് ഈ വിഷയത്തിൽ ധാർമികമായ നിലപാട് സ്വീകരിച്ച് മാതൃക കാണിച്ചു.
യുവനേതാക്കൾ അധികാരസ്ഥാനങ്ങളിൽ വരുമ്പോൾ, പാർട്ടിയുടെ പാരമ്പര്യവും ധാർമികതയും ഉയർത്തിപ്പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ തലമുറ അധികാരത്തെ വ്യക്തിപരമായ നേട്ടങ്ങൾക്കും ദുരുപയോഗങ്ങൾക്കും വേണ്ടിയല്ല, മറിച്ച് ജനക്ഷേമത്തിനും ആദർശങ്ങൾക്കും വേണ്ടി ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്തമാണ്.
The path of idealistic politics and the new generation; Lessons that new-gen leaders should not forget