തൃശൂർ : തൃശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേർത്തതെന്നും തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് ആരോപിച്ചു.
ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോൾ വോട്ടർപട്ടികയിലുള്ള ആരും താമസിക്കുന്നില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നുവെന്ന് ജോസഫ് ടാജറ്റ് ആരോപിച്ചു.
നേരത്തെ 45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാമെന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം വേണം. ബിജെപി തന്നെ അന്ന് 65,000 ത്തോളം വോട്ടുകൾ ചേർത്തുവെന്ന് അവകാശപ്പെട്ടിരുന്നു. 10 ഫ്ലാറ്റുകളിലായി അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. സുരേഷ് ഗോപി താൽക്കാലികമായി താമസിച്ച വീട്ടിൽ 11 വോട്ടുകൾ ചേർത്തതുൾപ്പെടെ, 45 പേരുടെ വോട്ടുകൾ സംബന്ധിച്ച് ഡി.സി.സി. വിശദമായ പരാതി നൽകിയിട്ടുണ്ട്.