തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ കണക്റ്റിവിറ്റി യാഥാർത്ഥ്യമാക്കാനുള്ള ഭൂഗർഭ റെയിൽപാതയുടെ ടെൻഡർ ഈ മാസം ക്ഷണിക്കും. 10.76 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് നിർമ്മിക്കുക. 1402 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല കൊങ്കൺ റെയിൽവേക്കാണ്.
വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ചെങ്കിലും റോഡ്, റെയിൽ കണക്റ്റിവിറ്റി പൂർണ്ണമാകാത്തത് വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂഗർഭ റെയിൽപാതയുടെ നിർമാണം അതിവേഗത്തിലാക്കുന്നത്. ന്യു ഓസ്ട്രിയൻ ടണലിങ് മെത്തേഡ് (NATM) ഉപയോഗിച്ചാണ് ബാലരാമപുരം റെയിൽവേ സ്റ്റേഷൻ മുതൽ വിഴിഞ്ഞം തുറമുഖം വരെയുള്ള പാത നിർമ്മിക്കുന്നത്.
മൂന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ എൻജിനീയറിങ്, പ്രൊക്യൂർമെൻ്റ്, കൺസ്ട്രക്ഷൻ ടെൻഡർ രേഖകൾ സർക്കാർ നിയോഗിച്ച സമിതി പരിശോധിച്ച ശേഷം ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കും.
നിർമാണത്തിനായി വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് 343 കോടി രൂപ ദക്ഷിണ റെയിൽവേക്കും, ഭൂമി ഏറ്റെടുക്കുന്നതിനായി 190 കോടി രൂപ തിരുവനന്തപുരം ജില്ലാ കളക്ടർക്കും കൈമാറിയിട്ടുണ്ട്. കൊങ്കൺ റെയിൽവേയ്ക്ക് 96.2 കോടി രൂപയും കൈമാറിയിട്ടുണ്ട്.
ബാലരാമപുരം സ്റ്റേഷന് സമീപത്തുനിന്ന് ടേബിൾ ടോപ്പ് രീതിയിലായിരിക്കും നിർമ്മാണം തുടങ്ങുക. വിഴിഞ്ഞം-ബാലരാമപുരം റോഡിൻ്റെ ഭൂനിരപ്പിൽ നിന്ന് 25-30 മീറ്റർ താഴ്ചയിലൂടെയാണ് പാത കടന്നുപോകുന്നത്. തുറമുഖത്തിന് 150 മീറ്റർ അകലെവരെ സിംഗിൾ ലൈനായിരിക്കും. അവിടെനിന്ന് തൂണുകളിലൂടെ 125-150 മീറ്റർ ദൂരത്തിൽ പാത നിർമ്മിക്കും. കരിമ്പള്ളിക്കര ഭാഗത്ത് നിന്ന് തൂണുകളിലൂടെ തുറമുഖത്തേക്ക് നീളുന്ന പാത ജനജീവിതത്തിന് തടസ്സമുണ്ടാക്കാത്ത രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി അര ഹെക്ടറോളം ഭൂമി വേണ്ടി വരും.
2028 ഡിസംബറിന് മുൻപ് റെയിൽപാത ഗതാഗതയോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൊങ്കൺ റെയിൽവേ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സന്തോഷ് കുമാർ ഝാ നേരത്തെ വ്യക്തമാക്കിയിരുന്നു.
Vizhinjam underground railway: Construction to begin soon at a cost of Rs 1402 crore