പാലിയേക്കര ടോൾബൂത്തിലെ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി കരാർ കമ്പനി ജിഐപിഎല്ലിന് അനുമതി നൽകി. എന്നാൽ, ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സെപ്റ്റംബർ 9 വരെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ടോൾ പുനരാരംഭിക്കുമ്പോൾ പുതിയ വർധിപ്പിച്ച നിരക്കായിരിക്കും ഈടാക്കുക.
ഹൈക്കോടതി, റോഡുകളുടെ മോശം അവസ്ഥയും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവ് തടഞ്ഞത്. പാലിയേക്കരയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിന് നിരക്ക് പുതുക്കാറുണ്ട്. ഇത്തവണ 5 മുതൽ 15 രൂപ വരെയാണ് വർധന.
കാറുകൾ -ഒരു വഴിക്ക് ₹95 (മുന്‍പ് ₹90). ഒന്നിൽ കൂടുതൽ യാത്രയ്ക്ക് മാറ്റമില്ല, ₹140 തന്നെ.
ചെറുകിട വാണിജ്യ വാഹനങ്ങൾ-₹165, ഒന്നിൽ കൂടുതൽ യാത്രയ്ക്ക് ₹245.
ബസ്, ട്രക്ക് -₹330, ഒന്നിൽ കൂടുതൽ യാത്രയ്ക്ക് ₹495.
മൾട്ടി ആക്‌സിൽ വാഹനങ്ങൾ – ₹530, ഒന്നിൽ കൂടുതൽ യാത്രയ്ക്ക് ₹795.
ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിരക്ക് വർധന. പുതിയ അടിപ്പാതകൾ നിർമ്മിക്കുന്ന സമയത്ത് വാഹനങ്ങൾക്ക് ബദൽ മാർഗം ഒരുക്കിയിരുന്നില്ല. ഇതുമൂലം സർവീസ് റോഡുകളിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായി.
ടോൾ പിരിവ് നിർത്തിവെക്കാൻ ഇതാണ് പ്രധാന കാരണം. എന്നാൽ, അടിപ്പാതകൾ നിർമ്മിച്ചത് മറ്റൊരു കമ്പനിയാണ്, അതിനാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ജിഐപിഎല്ലിന് ഉത്തരവാദിത്വമില്ലെന്നതാണ് അവരുടെ വാദം.
Contract Company Hikes Toll Rates at Paliyekkara