വാൽനക്ഷത്രമോ അന്യഗ്രഹ പേടകമോ? അന്യഗ്രഹ സാങ്കേതികവിദ്യയാകുമോ 3ഐ/അറ്റ്‌ലസ്? ഹാർവാർഡ് ശാസ്ത്രജ്ഞന്റെ വാദം തള്ളി മറ്റ് ഗവേഷകർ

വാൽനക്ഷത്രമോ അന്യഗ്രഹ പേടകമോ? അന്യഗ്രഹ സാങ്കേതികവിദ്യയാകുമോ 3ഐ/അറ്റ്‌ലസ്? ഹാർവാർഡ് ശാസ്ത്രജ്ഞന്റെ വാദം തള്ളി മറ്റ് ഗവേഷകർ

ന്യൂയോർക്ക് : സൗരയൂഥത്തിലെത്തിയ 3ഐ/അറ്റ്‌ലസ് എന്ന അജ്ഞാത ബഹിരാകാശ വസ്തു അന്യഗ്രഹ സാങ്കേതികവിദ്യയുടെ ഭാഗമാകാൻ സാധ്യതയുണ്ടെന്ന അവകാശവാദവുമായി ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ അവി ലോബ്. എന്നാൽ ഈ വാദത്തെ മറ്റ് ശാസ്ത്രജ്ഞർ തള്ളിക്കളയുകയാണ്.

നമ്മുടെ സൗരയൂഥത്തിന് പുറത്തുനിന്ന് വരുന്നതായി കണ്ടെത്തിയ മൂന്നാമത്തെ അറിയപ്പെടുന്ന വസ്തുവാണ് ഈ വാൽനക്ഷത്രം. അന്യഗ്രഹജീവികളാവാം ഈ വസ്തുവിനെ അയച്ചതെന്നാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ പ്രൊഫസർ അവി ലോബ് ന്യൂസ്‌വീക്കിനോട് പറഞ്ഞത്.

2025 ഒക്ടോബർ 29-നാണ് 3ഐ/അറ്റ്‌ലസ് സൂര്യനോട് ഏറ്റവും അടുത്തെത്തുക. ചൊവ്വയുടെ ഭ്രമണപഥത്തെ മറികടന്നാണ് ഇതിന്റെ സഞ്ചാരം. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി, ജെയിംസ് വെബ് ദൂരദർശിനി ഉൾപ്പെടെ ഭൂമിയിലും ബഹിരാകാശത്തുമുള്ള ദൂരദർശിനികളും മറ്റ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി 3ഐ/അറ്റ്‌ലസിന്റെ ഘടന, ഉത്ഭവം എന്നിവയെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുകയാണ് ശാസ്ത്രജ്ഞർ.

പ്രകൃതിദത്തമായ വാൽനക്ഷത്രമോ അന്യഗ്രഹ പേടകമോ?

3ഐ/അറ്റ്‌ലസിനെ ഒരു ഇന്റർസ്റ്റെല്ലാർ വാൽനക്ഷത്രമായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. അതായത്, സൂര്യനെ ചുറ്റുന്ന സഞ്ചാരപാതയിലൂടെയല്ല ഇതിന്റെ യാത്ര. മറിച്ച്, മറ്റെവിടെയോ നിന്ന് വന്ന് സൗരയൂഥത്തിലൂടെ കടന്നുപോവുകയാണ് ചെയ്യുന്നത്. ഇത് വീണ്ടും ബഹിരാകാശത്തേക്ക് യാത്ര തുടരുമെന്ന് നാസ വിശദീകരിക്കുന്നു.

2025 ജൂലൈ ഒന്നിനാണ് ചിലിയിലെ ആസ്‌ട്രോയിഡ് ടെറസ്ട്രിയൽ ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം സർവേ ദൂരദർശിനി 3ഐ/അറ്റ്‌ലസിനെ കണ്ടെത്തിയത്. പത്തുമുതൽ ഇരുപത് കിലോമീറ്റർ വരെ ഇതിന് വ്യാസമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അത് ശരിയാണെങ്കിൽ, ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ ഇന്റർസ്റ്റെല്ലാർ വസ്തുവായിരിക്കും ഇത്.

സൗരയൂഥത്തെ ലക്ഷ്യമിട്ടുള്ള അന്യഗ്രഹ സാങ്കേതികവിദ്യയാവാം ഇതെന്നും, വാൽനക്ഷത്രങ്ങളുടെ സവിശേഷതകൾ ഇതിനില്ലെന്നും അവി ലോബ് വാദിക്കുന്നു. എന്നാൽ, ലോബിന്റെ വാദങ്ങളെ മറ്റ് ശാസ്ത്രജ്ഞർ തള്ളിക്കളയുകയാണ്. നിലവിൽ, 3ഐ/അറ്റ്‌ലസ് വാൽനക്ഷത്രം പ്രകൃതിദത്തമായി ഉണ്ടായതല്ലെന്ന് സ്ഥിരീകരിക്കാനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

Could 3I/Atlas be alien technology? Other researchers reject Harvard scientist’s claim

Share Email
Top