കോവിഡ് മഹാമാരി അവസാനിച്ചെങ്കിലും അതിന്റെ ദൂഷ്യഫലങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ, കോവിഡ് ബാധിതരെ പ്രത്യേകിച്ച് സ്ത്രീകളെ, വേഗത്തിൽ വാർധക്യം പിടികൂടുന്നതായി കണ്ടെത്തി.
രക്തക്കുഴലുകൾ കട്ടിയാകുന്നതാണ് പ്രധാന കാരണം. കോവിഡ് ബാധ സ്ത്രീകളുടെ രക്തക്കുഴലുകൾക്ക് ശരാശരി അഞ്ചുവർഷം പ്രായം കൂട്ടുന്നുവെന്നും ഗവേഷകർ പറയുന്നു. ഇതിലൂടെ ഹൃദയാഘാതത്തിനും സ്ട്രോക്കിനും സാധ്യത വർധിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചശേഷം ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ ‘ലോങ് കോവിഡ്’ ലക്ഷണങ്ങൾ അനുഭവിച്ച സ്ത്രീകളിലാണ് വാർധക്യത്തിന്റെ ആഘാതം കൂടുതലായി കണ്ടെത്തിയത്. കോവിഡ് ബാധിതരിൽ പലർക്കും മാസങ്ങളോ വർഷങ്ങളോ നീളുന്ന ഇത്തരം പ്രശ്നങ്ങൾ തുടരുമെങ്കിലും, ഇതിന് പിന്നിലെ ശരീരവൈകല്യങ്ങൾ ഇപ്പോഴും ഗവേഷണ വിധേയമാണെന്ന് പാരിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷക റോസ മരിയ ബ്രൂണോ പറഞ്ഞു.
ഓസ്‌ട്രേലിയ, ബ്രസീൽ, യൂറോപ്പ് ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള 2400 പേരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തലുകൾ. ഇതിൽ പകുതിയോളം സ്ത്രീകളായിരുന്നു.
60 വയസ്സുള്ള സ്ത്രീകളിൽ ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് മൂന്ന് ശതമാനം അധിക സാധ്യത വരുന്നതായും പഠനത്തിൽ പറയുന്നു. പുരുഷന്മാരെ കോവിഡ് ബാധ വാർധക്യത്തിന്റെ കാര്യത്തിൽ അധികം ബാധിക്കുന്നില്ലെന്നും ഗവേഷണം വ്യക്തമാക്കുന്നു.
COVID Infection Pushes Women into Faster Ageing; New Study Report