സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി  സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡൽഹി: സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മന്ത്രിമാര്‍ക്കും ഒപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി പി രാധാകൃഷ്ണന്‍ പത്രിക സമർപ്പിച്ചത്. . ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി സി സുദര്‍ശന്‍ റെഡ്ഡി വ്യാഴാഴ്ച്ച പത്രിക നല്‍കും.

തിങ്കളാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. അടുത്ത മാസം ഒന്‍പതിനാണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും. എന്‍ഡിഎയുടെ നിലവിലെ അംഗബലത്തില്‍ സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയാകും.മുൻ ഉപ രാഷ്ട്രപതി ജഗ്ദീപി ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സിപി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. വെങ്കയ്യ നായിഡുവിന് ശേഷം തെക്കേന്ത്യയിൽ നിന്ന് ഒരാളീ സ്ഥാനത്തെത്തുമ്പോൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ബിജെപി ലക്ഷ്യം വയ്ക്കുകയാണ്.

അതേസമയം, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുടെ പേര് ഒറ്റക്കെട്ടായി നിശ്ചയിച്ചിരിക്കുകയാണ് ഇന്ത്യ സഖ്യം. ആർഎസ്എസിനെതിരെ ഭരണഘടന സംരക്ഷിക്കാനുള്ള ആശയ പോരാട്ടമാണിതെന്ന് ഇന്ത്യ സഖ്യനേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ ഇൻഡ്യാ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

CP Radhakrishnan filed his nomination as the Vice Presidential candidate.

Share Email
Top