തിരുവനന്തപുരം : സിപിഎമ്മിൽ കത്ത് ചോർച്ചാ വിവാദം രൂക്ഷമാകുന്നു. പൊളിറ്റ് ബ്യൂറോയ്ക്ക് (പി.ബി.) ഒരു സ്വകാര്യ വ്യക്തി നൽകിയ പരാതി ചോർന്ന് കോടതി രേഖയായി എത്തിയതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. താൻ പി.ബി.ക്ക് നൽകിയ കത്ത് ചോർന്നതിനെതിരെ ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പുതിയ പരാതി നൽകി.
കത്ത് ചോർത്തിയത് പാർട്ടി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ എം.വി. ഗോവിന്ദന്റെ മകൻ ശ്യാം ആണെന്നാണ് ഷെർഷാദിന്റെ ആരോപണം. നിരവധി പാർട്ടി നേതാക്കളുടെ ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്‌ക്കെതിരെ ഷെർഷാദ് നൽകിയ പരാതിയാണ് ചോർന്നതെന്നാണ് വിവരം.
പി.ബി.ക്ക് വ്യവസായി നൽകിയ ഗുരുതര ആരോപണങ്ങളുള്ള ഈ പരാതി ഡൽഹി ഹൈക്കോടതിയിൽ രേഖയായി എത്തിയത് പാർട്ടി നേതൃത്വത്തിലും വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇത്രയും രഹസ്യസ്വഭാവമുള്ള ഒരു കത്ത് എങ്ങനെ പുറത്തെത്തി എന്നത് പാർട്ടി നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തിൽ പാർട്ടി തലത്തഈൽ അടിയന്തര അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.