ഡി.എ കുടിശിക: സർക്കാരിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നല്കി

ഡി.എ കുടിശിക: സർക്കാരിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നല്കി

തിരുവനന്തപുരം. സംസ്ഥാന ജീവനക്കാർക്കും സർവകലാശാല ജീവനക്കാർക്കും കുടിശികയായ 20 ശതമാനം ക്ഷാമബത്ത അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലകളിലെ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് നേതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി.

ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷും ഭാരവാഹികളുമാണ് ഹർജിക്കാർ. കേസ് തിങ്കളാഴ്ച പരിഗണിക്കും. പതിനൊന്നാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ ശുപാർശ അനുസരിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ ലേബർ ബ്യൂറോ തയ്യാറാക്കുന്ന ഉപഭോക്ത സൂചികയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത പ്രഖ്യാപിക്കേണ്ടത്. 2022 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്.

2022 ജൂലായ്‌ ഒന്നു മുതലുള്ള 7 ഗഡു ക്ഷാമ ബത്ത ഇതുവരെ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. പശ്ചിമബംഗാൾ സർക്കാരിനെതിരെ അടുത്തിടെയുണ്ടായ നിർണ്ണായകമായ സുപ്രീംകോടതി ഉത്തരവിലെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, ജീവനക്കാർക്ക് കുടിശ്ശികയായ 20% ഡി.എ അടിയന്തരമായി പ്രഖ്യാപി ക്കണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.

ഓൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഐ.എ എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫീസർമാർ, പി.എസ്. സി ചെയർമാൻ, അംഗങ്ങൾ എന്നിവർക്കും കൃത്യമായി ക്ഷാമബത്ത അനുവദിക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് അത് നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

ഐ.എ എസ് ഉദ്യോഗസ്ഥർക്കും മറ്റും ഒമ്പത് ഗഡു ക്ഷാമബത്തയാണ് സർക്കാർ അനുവദിച്ചത്. ഇതിന്റെ കുടിശ്ശിക പണമായി നൽകുകയും ചെയ്തു.എന്നാൽ, ഇതേ കാലയളവിൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ചത് വെറും മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ്. ഇതിന്റെ കുടിശ്ശികയും നൽകിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ജീവനക്കാർക്ക് ഇതു മൂലം സംഭവിച്ചിരിക്കുന്നത്.

സർവകലാശാല ജീവനക്കാർ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലിന്റെ പരിധിയിൽ വരാത്തതുകൊണ്ട് മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയിൽ നേരിട്ട് ഹർജ്ജി ഫയൽ ചെയ്യുകയായിരുന്നു.

DA arrears: Employees file petition in High Court against government

Share Email
Top