കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ഉയർന്ന വിവാദത്തിൽ എഴുത്തുകാരി ഇന്ദു മേനോനെതിരെ കേസ്. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന യുവ നോവലിസ്റ്റ് അഖിൽ പി. ധർമജന്റെ പരാതിയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. സെപ്റ്റംബർ 15-ന് ഹാജരാകണമെന്ന് കോടതി ഇന്ദു മേനോന് നിർദേശം നൽകി.
കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരത്തിന് അർഹമായ ‘റാം ഇ/o ആനന്ദി’ എന്ന നോവലുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പരാതിക്ക് അടിസ്ഥാനം. സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ദു മേനോൻ ഉന്നയിച്ച വിമർശനങ്ങൾ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഈ വിമർശനങ്ങൾ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ചാണ് അഖിൽ പി. ധർമജൻ പരാതി നൽകിയത്.
അതേസമയം, അഖിൽ പി. ധർമജന് എതിരായ പ്രതികരണത്തിന് പിന്നാലെ ഇന്ദു മേനോനെതിരെയും സൈബർ ഇടങ്ങളിൽ വ്യാപകമായ ആക്രമണങ്ങൾ നടന്നിരുന്നു. ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിനെ വിമർശിച്ചതിന് ഗ്രന്ഥകാരനും സംഘാംഗങ്ങളും മോശമായ രീതിയിൽ സൈബർ ആക്രമണം നടത്തിയെന്ന് ഇന്ദു മേനോനും വ്യക്തമാക്കിയിരുന്നു. വിദ്വേഷപരവും സ്ത്രീവിരുദ്ധവുമായ പോസ്റ്റുകളും ആയിരക്കണക്കിന് കമന്റുകളും ലഭിച്ചതായി ഇന്ദു മേനോൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു.
Defamation on social media: Case filed against Indu Menon on complaint of Akhil P. Dharmajan