വൃത്തിഹീനവും കറ പുരണ്ടതുമായ സീറ്റ് നൽകിയതിനാൽ സേവനത്തിലെ പോരായ്മക്കു കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തി ,ഡൽഹി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഇൻഡിഗോ എയർലൈൻസിനെതിരെ കർശന നടപടി സ്വീകരിച്ചു. യാത്രയ്ക്കിടെ അനുഭവിച്ച അസ്വസ്ഥതക്കും മാനസിക ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപയും, കേസിന് ചെലവായ 25,000 രൂപയും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.
ഈ വർഷം ജനുവരി 2-ന് ബാക്കുവിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്ത പിങ്കി എന്ന യുവതി സമർപ്പിച്ച പരാതിയിലാണ് നടപടി. യാത്രയ്ക്കിടെ ലഭിച്ച സീറ്റ് വൃത്തിഹീനവും കറ പുരണ്ടതുമായിരുന്നെന്നും, വിഷയത്തെക്കുറിച്ച് നൽകിയ പരാതിയെ എയർലൈൻസ് അവഗണിച്ചുവെന്നും അവർ ആരോപിച്ചു.
ഇൻഡിഗോ എയർലൈൻസ് വാദത്തിൽ, സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മറ്റൊരു സീറ്റ് നൽകിയതും, പിങ്കി സ്വമേധയാ യാത്ര തുടരുകയുമായിരുന്നുവെന്ന് വ്യക്തമാക്കി.
എന്നാൽ, ജൂലൈ 9-ന് നൽകിയ ഉത്തരവിൽ, നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ എയർലൈൻസ് സേവനത്തിലെ പോരായ്മയ്ക്ക് ഉത്തരവാദികളാണെന്ന് കമ്മീഷൻ വ്യക്തമാക്കി. അനുഭവിച്ച അസ്വസ്ഥതയും മാനസിക വേദനയും പരിഗണിച്ച് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചു.
കൂടാതെ, സ്റ്റാൻഡേർഡ് ഏവിയേഷൻ പ്രോട്ടോക്കോളുകൾ പ്രകാരം നിർണായകമായ ‘സിറ്റുവേഷൻ ഡാറ്റ ഡിസ്പ്ലേ’ (SDC) റിപ്പോർട്ട് ഹാജരാക്കുന്നതിൽ എയർലൈൻസ് പരാജയപ്പെട്ടതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. വിമാന പ്രവർത്തന നിരീക്ഷണത്തിനും യാത്രക്കാരുമായി ബന്ധപ്പെട്ട സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്ന രേഖയാണിത്. ഈ റിപ്പോർട്ട് അഭാവം എയർലൈൻസിന്റെ പ്രതിരോധം ദുർബലമാക്കിയെന്നും കമ്മീഷൻ വ്യക്തമാക്കി.
Delhi Forum Orders IndiGo Airlines to Pay ₹1.5 Lakh Compensation to Passenger for Providing Dirty Seat