ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷം ‘കേരളീയം’ വേറിട്ടൊരനുഭവമായി

ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷം ‘കേരളീയം’ വേറിട്ടൊരനുഭവമായി

അലൻ ചെന്നിത്തല

മിഷിഗൺ: 1975-ൽ സ്ഥാപിതമായ മിഷിഗണിലെ ആദ്യത്തെ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷം “കേരളീയം” മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് വേറിട്ടൊരനുഭവമായി. അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കിയ ക്ലബ്ബിന്റെ “കേരളീയം” എന്ന മെഗാ ഷോയിൽ വർണാഭമായ പരിപാടികളാണ് അരങ്ങേറിയത്. മിഷിഗണിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

മിഷിഗണിലെ ഇന്ത്യൻ സമൂഹത്തോടൊപ്പം ഇന്ത്യാന, ഒഹായോ, കലാമസൂ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഒത്തുചേർന്നപ്പോൾ, ഇത് വ്യത്യസ്തമായ ഇന്ത്യൻ സംസ്കാരങ്ങളുടെ സംഗമവേദിയായി മാറി. കേരളത്തിന്റെ കലാ സാംസ്കാരിക പാരമ്പര്യങ്ങളും വിശ്വാസങ്ങളും വിളിച്ചോതുന്ന നിറപ്പകിട്ടാർന്ന കലാപരിപാടികൾക്കൊപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. കഥകളി, കളരിപ്പയറ്റ് എന്നിവയോടൊപ്പം കേരളത്തിന്റെ മതമൈത്രി വിളിച്ചോതുന്ന മോഹിനിയാട്ടം, ഒപ്പന, മാർഗംകളി എന്നിവയും അരങ്ങേറി. കേരളത്തിന്റെ തനത് ചെണ്ടമേളം, മഹാരാഷ്ട്ര ഫോക്ക് ഡാൻസ്, തെലുങ്ക് ബത്തുകമ്മ, ധോൽ-ചെണ്ട ഫ്യൂഷൻ, ഫ്ലാഷ്മോബ് എന്നിവ കാണികളിൽ ആവേശമുണർത്തി.

സൗത്ത്ഫീൽഡ് പവലിയനിൽ ഒരുക്കിയ പ്രദർശനശാലകൾ കേരളീയ സംസ്കാരത്തിന്റെയും കലയുടെയും വിശ്വാസങ്ങളുടെയും നേർക്കാഴ്ചയായിരുന്നു. കേരളത്തിന്റെ പ്രകൃതിഭംഗി വിളിച്ചോതുന്ന മനോഹരമായ കട്ടൗട്ടുകൾകൊണ്ട് അലങ്കരിച്ച പ്രദർശനകേന്ദ്രങ്ങൾ, കേരളത്തിൽ നേരിട്ടെത്തിയ അനുഭവം കാഴ്ചക്കാർക്ക് സമ്മാനിച്ചു. പ്രശസ്ത ഗായകരായ ഫ്രാങ്കോയും ലക്ഷ്മി നായരും നയിച്ച ബാക്ക് വാട്ടേഴ്സ് ബീറ്റ്സിന്റെ ഗാനമേള, വർണാഭമായ ഫാഷൻ ഷോ, വെർച്വൽ റിയാലിറ്റി ഷോ എന്നിവയും കേരളീയത്തിന് മാറ്റുകൂട്ടി.

കേരളത്തനിമയുള്ള ഭക്ഷണങ്ങളുടെയും വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപുലമായ ശേഖരവുമായി നിരവധി സ്റ്റാളുകൾ പ്രവർത്തിച്ചു. പവലിയനിൽ ഒരുക്കിയ കേരള ക്ലബ് ചായക്കട, കേരളത്തിലെ നാടൻ വിഭവങ്ങളുടേയും ചായക്കടകളുടേയും ഗൃഹാതുരമായ ഓർമ്മകൾ ഏവർക്കും സമ്മാനിച്ചു. മിഷിഗണിലെ ഇന്ത്യൻ സമൂഹത്തിന് എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ നവ്യാനുഭവം നൽകിയ ഡിട്രോയിറ്റ് കേരള ക്ലബ്ബിന്റെ “കേരളീയം” വൻവിജയമായി പരിസമാപിച്ചു.

Detroit Kerala Club’s Golden Jubilee Celebration ‘Keraliyam’ a Different Experience

Share Email
Top