1,2,3,4, ഒരാഴ്ചയിൽ ‘മൈ ഫ്രണ്ട്’ മോദിയെ നാല് തവണ വിളിച്ച് ട്രംപ്! ഒന്ന് പോലും എടുത്തില്ല, സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും ജർമൻ പത്ര റിപ്പോർട്ട്

1,2,3,4, ഒരാഴ്ചയിൽ ‘മൈ ഫ്രണ്ട്’ മോദിയെ നാല് തവണ വിളിച്ച് ട്രംപ്! ഒന്ന് പോലും എടുത്തില്ല, സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും ജർമൻ പത്ര റിപ്പോർട്ട്

ബെർലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കാൻ നാല് തവണ ശ്രമിച്ചെങ്കിലും മോദി ആ ശ്രമങ്ങളെല്ലാം നിരസിച്ചുവെന്ന് ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ അൽഗെമൈനെ റിപ്പോർട്ട് ചെയ്തു. മൈൻസ് ആസ്ഥാനമായുള്ള ഈ പ്രമുഖ പത്രം, മോദിയുടെ ഈ നീക്കം അദ്ദേഹത്തിന്റെ “ദേഷ്യത്തിന്റെ ആഴവും ജാഗ്രതയും” പ്രകടിപ്പിക്കുന്നതാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപിന്റെ ഭരണകൂടം ഇന്ത്യയ്ക്കെതിരെ 50% തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ ഫോൺ വിളി ശ്രമങ്ങൾ നടന്നത്. എന്നാൽ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന നലിപാടിലാണ് പ്രധാനമന്ത്രി. ഇതിനാലാണ് ട്രംപിനോട് ഫോണിൽ സംസാരിക്കാൻ കൂട്ടാക്കാത്തതെന്നാണ് വിലയിരിത്തലുകൾ.

ജൂൺ 17 നാണ് അവസാനമായി മോദിയും ട്രംപും ഫോണിൽ സംസാരിച്ചത്. അതിന് ശേഷം ഇരുനേതാക്കളും തമ്മിൽ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്നാണ് വിവരം. ബ്രസീലിന് പുറമെ മറ്റേതൊരു രാജ്യത്തിനും ഏർപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന തീരുവയാണ് ട്രംപ് ഇന്ത്യക്ക് അടിച്ചേൽപ്പിച്ചിരിക്കുന്നത്. വിവാദമായ തീരുവ നടപടി ഇന്ത്യ-അമേരിക്ക ബന്ധത്തിൽ ആഴത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നതിന്റെ സൂചനയാണ് മോദിയുടെ മൗനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മോദിയുടെ ഈ നിലപാട്, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ നയതന്ത്രപരമായ ജാഗ്രതയും സ്വയംപ്രതിഷ്ഠയും ഉയർത്തിക്കാട്ടുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ നാളെ അർധ രാത്രി പ്രാബല്യത്തിലാകും. ഇത് സംബന്ധിച്ച് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പ് ഇന്ത്യക്ക് ഔദ്യോഗിക നോട്ടീസ് നൽകി. മൊത്തം 50 ശതമാനം തീരുവയായി ഉയരുന്ന ഈ നടപടി ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) മുതൽ പ്രാബല്യത്തിൽ വരും. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഈ തീരുവ വർധനയ്ക്ക് കാരണമായി യു.എസ്. ചൂണ്ടിക്കാട്ടുന്നത്. ഈ നടപടിയോട് പ്രതികരമായി ഇന്ത്യ യു.എസ്. ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share Email
LATEST
Top