ന്യൂയോർക്ക്: ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യക്ക് ഇന്ത്യ എന്ന എണ്ണ ഉപഭോക്താവിനെ നഷ്ടമായെന്നാണ് ട്രംപിന്റെ അവകാശവാദം. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ അമേരിക്ക പിഴ ചുമത്തിയതിന് പിന്നാലെയാണ് ഇന്ത്യ പിൻമാറിയതെന്നാണ് അവകാശവാദം. ആവശ്യമെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇന്ത്യയും ചൈനയുമാണ് റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കൾ.
വാഷിംഗ്ടൺ ഇന്ത്യക്കെതിരെ 25% അധിക തീരുവ ചുമത്തിയിരുന്നു. ഇത് പിന്നീട് 50% ആയി വർദ്ധിപ്പിച്ചു. യുഎസ് നടപടി അന്യായവും നീതീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ഇന്ത്യ വിമർശിച്ചിരുന്നു. സാമ്പത്തിക സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയാൽ, രാജ്യത്തിന്റെ ഇറക്കുമതി ബിൽ ഈ സാമ്പത്തിക വർഷം 9 ബില്യൺ ഡോളറും അടുത്ത വർഷം 12 ബില്യൺ ഡോളറും വർധിക്കുമെന്ന് ഒരു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.