വീണ്ടും അവകാശവാദവുമായി ട്രംപ്, ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താൻ’

വീണ്ടും അവകാശവാദവുമായി ട്രംപ്, ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താൻ’

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും അവകാശപ്പെട്ടു. വ്യാപാര ഇടപാടുകൾ നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം തുടർന്നാൽ വ്യാപാര കരാർ ഉണ്ടാകില്ലെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. തുടർന്ന്, അഞ്ച് മണിക്കൂറിനുള്ളിൽ ഇരു രാജ്യങ്ങളും യുദ്ധം നിർത്തിയെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ കാബിനറ്റ് യോഗത്തിനിടെ വ്യക്തമാക്കി.

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25% അധിക തീരുവ ചുമത്താനുള്ള തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യയ്ക്കു മേലുള്ള യു.എസ്. നികുതി 50% ആയി ഉയരും. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.

അതേസമയം, ഈ നീക്കം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ശക്തമായ ആഭ്യന്തര വിപണി ആവശ്യകത ഈ പ്രതിസന്ധിയെ ഒരു പരിധിവരെ പ്രതിരോധിക്കുമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. റഷ്യൻ ക്രൂഡോയിൽ വാങ്ങിയതിന്റെ പേരിൽ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച ഈ അധിക തീരുവ, യു.എസ്. സമയം ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വരും. ഇതോടെ, ബ്രസീലിനൊപ്പം ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും. സ്വിറ്റ്സർലൻഡ് (39%), കാനഡ (35%), ചൈന, ദക്ഷിണാഫ്രിക്ക (30%) എന്നിവയാണ് ഈ പട്ടികയിൽ പിന്നിലുള്ള മറ്റു രാജ്യങ്ങൾ.

Share Email
LATEST
Top