വോട്ട് വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ്, ബി.ജെ.പിക്ക് പരിഹാസം

വോട്ട് വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ്, ബി.ജെ.പിക്ക് പരിഹാസം

തിരുവനന്തപുരം: ഇരട്ടവോട്ട് ആരോപണങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെ കെ. സി. വേണുഗോപാലാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷൻ കമ്മീഷൻ കരുതേണ്ടെന്നും തങ്ങൾ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനില്‍ക്കുന്നുവെന്നും എത്ര വലിയ സ്വർണപാത്രം കൊണ്ടുവന്നാലും സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു. “ശകുന്‍ റാണിയുടെ പേരിൽ രണ്ട് വോട്ട് ചെയ്തു. ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്. നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കരുതേണ്ട. വ്യക്തമായ രേഖകള്‍ കൈവശമുണ്ട്,” അദ്ദേഹം പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരുമെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ സ്വയം അന്വേഷണം നടത്താതെ തങ്ങളോട് തെളിവ് ചോദിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നതെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. ആദ്യം രാഹുലിനെ ഭീഷണിപ്പെടുത്തിയ കമ്മീഷൻ പിന്നീട് നിലപാട് മയപ്പെടുത്തി തെളിവ് നൽകണമെന്നാക്കി. ബി.ജെ.പിക്ക് വേണ്ടി ഏജന്റ് പണി എടുക്കുകയാണോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പ് അട്ടിമറി വെളിപ്പെടുത്തലിൽ രാഹുൽ ഗാന്ധിക്ക് കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധി കാണിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട രേഖയല്ലെന്നും അദ്ദേഹം കാണിച്ച രേഖ ഏതാണെന്നും കമ്മീഷന്‍ ചോദിച്ചു. സത്യവാങ്മൂലത്തോടൊപ്പം ഇത് നൽകണമെന്നും നിർദ്ദേശമുണ്ട്. ശകുന്‍ റാണിയെന്ന വോട്ടർ രണ്ട് തവണ വോട്ട് ചെയ്തതിന് തെളിവില്ലെന്നും ആരോപണത്തിന് അടിസ്ഥാനമായ രേഖകൾ ഹാജരാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

‘അണു ബോംബ്’ നനഞ്ഞ പടക്കമായി: ബി.ജെ.പി

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. “അണു ബോംബെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള ആരോപണങ്ങൾ ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെയായി,” അദ്ദേഹം പറഞ്ഞു. തോറ്റു തോറ്റു തൊപ്പിയിട്ട പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതാണ് തിരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുൽ ലക്ഷ്യമിടാൻ കാരണമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിന്റെ പ്രവർത്തികളെല്ലാം. അതിർത്തിയിലെ ചൈനീസ് കയ്യേറ്റമെന്ന പ്രസ്താവനയിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾ തിരിച്ചടിയായതോടെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധി നടത്തുന്ന ആരോപണങ്ങൾ ഏറ്റെടുക്കാതിരിക്കുന്നതാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് നല്ലതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്നേ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയതാണ്. അത് അന്ന് പരിശോധിക്കാതെ ഇപ്പോൾ ഒരു വർഷം കഴിഞ്ഞു പരാതി ഉന്നയിക്കുന്നത് നിരന്തരമായ വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറേഴ് ദിവസം കൂടുമ്പോൾ ഓരോ ആരോപണം വീതം കൊണ്ടുവരികയും പിന്നാലെ അത് പൊളിയുകയുമാണ്. മുംബൈ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ രാഹുലും കോൺഗ്രസും നടത്തിയ വ്യാജ പ്രചാരണങ്ങൾ എല്ലാം പൊളിഞ്ഞുപോയെന്നും അതുപോലെ വോട്ടർപട്ടിക ആരോപണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി വരുന്നതോടെ പൊളിയുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തള്ളിക്കളഞ്ഞു. എം.പി. കേന്ദ്രമന്ത്രിയായാൽ കൂടുതൽ ചുമതലകൾ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
LATEST
More Articles
Top