തിരുവനന്തപുരം : മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുത്തിയത്തിന് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ഡോ ഹാരിസ് മറുപടി നൽകി. ശസ്ത്രക്രിയ മുടങ്ങിയതിൽ തനിക്ക് വീഴ്ച ഉണ്ടായിട്ടില്ല എന്നും ആവശ്യമായ ഉപകരണങ്ങൾ വ്യക്തിപരമായി വാങ്ങേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സ മുടങ്ങിയ ദിവസം താൻ ബദൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയില്ലെന്ന കമ്മീഷൻ്റെ കണ്ടെത്തലിനോട് അദ്ദേഹം വിയോജിച്ചു.
താൻ ശസ്ത്രക്രിയക്കായി ആവശ്യപ്പെട്ട ദിവസം ഉപകരണം ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിറ്റേന്ന് മറ്റൊരു ശസ്ത്രക്രിയ നടത്തിയപ്പോൾ ഉപയോഗിച്ചത് സർക്കാർ വാങ്ങിയ ഉപകരണമായിരുന്നില്ലെന്നും, അത് സ്വകാര്യമായി വാങ്ങിയതാണെന്നും ഹാരിസ് ചൂണ്ടിക്കാട്ടി. ഉപകരണങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ച് സൂപ്രണ്ടിനെയും പ്രിൻസിപ്പലിനെയും പലതവണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മറുപടിയിൽ കൂട്ടിച്ചേർത്തു.
കൂടാതെ, ഫേസ്ബുക്കിലൂടെ പരസ്യമായി പ്രതികരിച്ചത് ചട്ടലംഘനമാണെന്ന വിമർശനത്തിൽ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു.